BREAKING NEWSLATESTNATIONAL

ഇന്ന് കര്‍ഷകരുടെ രാജ്യവ്യാപക പ്രതിഷേധം; വഴിതടയും

ന്യൂഡല്‍ഹി : കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകസംഘടനകള്‍ ശനിയാഴ്ച രാജ്യവ്യാപകമായി ദേശീയസംസ്ഥാന പാതകള്‍ മൂന്നുമണിക്കൂര്‍ ഉപരോധിക്കും. പ്രക്ഷോഭം നടക്കുന്ന ഡല്‍ഹിയില്‍ ഇപ്പോള്‍ത്തന്നെ സ്തംഭനാവസ്ഥയുള്ളതിനാല്‍ റോഡ് ഉപരോധമില്ല. കരിമ്പുകര്‍ഷകര്‍ വിളവെടുപ്പുതിരക്കിലായതിനാല്‍ ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും വഴിതടയല്‍ ഉണ്ടാവില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.
വഴിതടയലിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ചനടത്തി. പ്രധാനകേന്ദ്രങ്ങളില്‍ അതിസുരക്ഷ ഏര്‍പ്പെടുത്താനാണ് കൂടിക്കാഴ്ചയിലെ തീരുമാനമെന്നറിയുന്നു. അതേസമയം, റിപ്പബ്ലിക്ദിനത്തിലെ സംഘര്‍ഷങ്ങളുടെ അനുഭവത്തില്‍ അതിസുരക്ഷ ഏര്‍പ്പെടുത്തിയതായി ഡല്‍ഹി പോലീസ് വക്താവ് ചിന്മയ് ബിസ്വാള്‍ അറിയിച്ചു. കര്‍ഷകര്‍ ഡല്‍ഹിക്കുകടക്കാതിരിക്കാന്‍ അഞ്ചുതട്ടിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ സിംഘു ഉള്‍പ്പെടെയുള്ള സമരകേന്ദ്രങ്ങളില്‍ സജ്ജമാക്കി. സാമൂഹികമാധ്യമ അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്.
റോഡുപരോധത്തിനുള്ള മാര്‍ഗരേഖ സംയുക്ത കിസാന്‍ മോര്‍ച്ചയും പുറത്തിറക്കി. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെ ദേശീയസംസ്ഥാന പാതകള്‍മാത്രം ഉപരോധിക്കുക, സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍, അവശ്യവസ്തുക്കളുമായുള്ള വാഹനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക, പോലീസുകാരോടോ സര്‍ക്കാര്‍ പ്രതിനിധികളോടോ പൊതുജനങ്ങളോടോ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക എന്നിങ്ങനെയാണ് സമരക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍. മൂന്നുമണിക്ക് ഒരു മിനിറ്റുനേരം വാഹനങ്ങളുടെ സൈറണ്‍മുഴക്കി സമരം സമാപിക്കും.
രാജാവ് ഇപ്പോള്‍ത്തന്നെ റോഡുകളെല്ലാം അടച്ചിട്ടതിനാല്‍ ഡല്‍ഹിയില്‍ ഉപരോധമില്ലെന്ന് രാകേഷ് ടിക്കായത്ത് പരിഹസിച്ചു. പോലീസും സര്‍ക്കാരും റോഡുകള്‍ അടച്ചസ്ഥിതിക്ക് സിംഘുവില്‍ ഉപരോധം നടത്തേണ്ട കാര്യമില്ലെന്ന് മറ്റൊരു കര്‍ഷകനേതാവ് മന്‍ജീത് റായും പറഞ്ഞു. തങ്ങള്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമരത്തെ അനുകൂലിച്ച് പ്രചാരണം നടത്തുന്നവര്‍ക്കെതിേര ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളും കര്‍ശനനടപടികള്‍ തുടങ്ങി. ഇത്തരക്കാര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുക ദുഷ്‌കരമാകുമെന്ന് ഉത്തരാഖണ്ഡ് പോലീസ് വ്യക്തമാക്കി. ആയുധലൈസന്‍സും അനുവദിക്കില്ല.
സമരാനുകൂലികള്‍ക്ക് ബാങ്ക്‌വായ്പ നല്‍കേണ്ടെന്നും സര്‍ക്കാര്‍ജോലിക്ക് പരിഗണിക്കേണ്ടെന്നുമാണ് ബിഹാര്‍ സര്‍ക്കാരിന്റെ നിര്‍ദേശം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker