BREAKING NEWS

നുണപ്രചാരണം നിര്‍ത്തിയാല്‍ ചര്‍ച്ചയാവാമെന്നു കര്‍ഷകര്‍

ന്യൂഡല്‍ഹി: വിവാദ കര്‍ഷക നിയമങ്ങളെക്കുറിച്ചു ചര്‍ച്ച നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ഉപാധികളോടെ സ്വീകരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ, പുതിയ ആവശ്യവുമായി കര്‍ഷകര്‍ നിലപാട് കടുപ്പിച്ചു. നിയമങ്ങളെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ നുണകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് ഇന്നലെ രാത്രി കൃഷിമന്ത്രാലയത്തെ അറിയിച്ച കര്‍ഷകര്‍, താങ്ങുവില ഉറപ്പാക്കുന്ന പുതിയ നിയമം പാസാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
ചര്‍ച്ചയ്ക്കുള്ള സമയവും സ്ഥലവും കേന്ദ്രത്തിനു നിശ്ചയിക്കാം; എന്നാല്‍, നിയമങ്ങളില്‍ ഭേദഗതി വരുത്താമെന്ന കഴിഞ്ഞ 5 ചര്‍ച്ചകളിലെ വാഗ്ദാനം ആവര്‍ത്തിക്കരുത്. 3 നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്നതിനു പുറമേ താങ്ങുവില സംബന്ധിച്ച നിയമം പാസാക്കുക കൂടി ചെയ്താല്‍ മാത്രം പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ മതിയെന്നും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.
പഞ്ചാബിലെ 31 സംഘടനകളും രാഷ്ട്രീയ കിസാന്‍ മഹാസംഘ്, അഖിലേന്ത്യാ കര്‍ഷക സമര ഏകോപന സമിതി എന്നിവ ഇന്നലെ ഉച്ചയ്ക്ക് ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ക്കു രൂപം നല്‍കാന്‍ സംഘടനകള്‍ ഇന്നു വീണ്ടും യോഗം ചേരും. ഒരാഴ്ചയ്ക്കുള്ളില്‍ ഡല്‍ഹിയിലേക്കു പ്രകടനമായി നീങ്ങുക, റിപ്പബ്ലിക് ദിന പരേഡില്‍ രാജ്പഥില്‍ അണിനിരക്കുക തുടങ്ങിയ സമരമാര്‍ഗങ്ങള്‍ പരിഗണനയിലുണ്ടെന്നു സംഘടനാ നേതാക്കള്‍ പറഞ്ഞു.
പ്രക്ഷോഭം മൂലം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള ദേശീയപാതകളില്‍ ഇന്നലെയും ഗതാഗതം തടസ്സപ്പെട്ടു. നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് 10ന് രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദര്‍ശിക്കുന്ന സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും പങ്കുചേരും. പരമാവധി എംപിമാരോടു ഡല്‍ഹിയിലെത്താന്‍ രാഹുല്‍ നിര്‍ദേശിച്ചു.
കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഇന്നലെ സിംഘു അതിര്‍ത്തിയില്‍ കര്‍ഷകരെ സന്ദര്‍ശിച്ചു. നേതാക്കളെ ഫോണില്‍ വിളിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രക്ഷോഭത്തിനു പൂര്‍ണ പിന്തുണയറിയിച്ചു.
മധ്യപ്രദേശില്‍ നിന്ന് ആയിരത്തോളം കര്‍ഷകരെയും നയിച്ചു പ്രക്ഷോഭത്തിനെത്തിയ ഏകതാ പരിഷത് നേതാവും മലയാളിയുമായ പി.വി. രാജഗോപാല്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിയമങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു.
ഇതിനിടെ, കര്‍ഷക നിയമങ്ങളുടെ ഗുണങ്ങള്‍ വിശദീകരിച്ച് 9 കോടി കര്‍ഷകരുമായി സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ ജന്മവാര്‍ഷിക ദിനമായ നാളെയാണ് ഓണ്‍ലൈന്‍ വഴി 6 സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി മോദി സംവദിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ പദ്ധതിയുടെ ഭാഗമായി 18,000 കോടി രൂപ കര്‍ഷകര്‍ക്കു വിതരണം ചെയ്യും.
നിയമങ്ങള്‍ കര്‍ഷകര്‍ക്കു ഗുണം ചെയ്യുമെന്നു കാണിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ഏതാനും ദിവസം മുന്‍പ് അവര്‍ക്കയച്ച കത്തിന്റെ പകര്‍പ്പ് ബിജെപി നാളെ വിതരണം ചെയ്യും.

Related Articles

Back to top button