BREAKING NEWS

അടുത്ത ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ കടുത്ത പ്രക്ഷോഭമെന്ന് സമരം ചെയ്യുന്ന കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്രവുമായുള്ള അടുത്ത ചര്‍ച്ചയില്‍ തീരുമാനമില്ലെങ്കില്‍ രൂക്ഷമായ സമരത്തിനൊരുങ്ങി കര്‍ഷകസംഘടനകള്‍. ഇതിനായി ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍നിന്നു പുറപ്പെട്ടു. സാംഗ്രൂര്‍, അമൃത്‌സര്‍, തണ്‍ തരണ്‍, ഗുരുദാസ്പുര്‍, ഭട്ടിന്‍ഡ ജില്ലകളില്‍ നിന്നുള്ളവരാണ് ശനിയാഴ്ച ട്രാക്ടറുകളില്‍ ഡല്‍ഹിക്കു പുറപ്പെട്ടത്.
പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാന മന്‍ കീ ബാത്ത് നടക്കുന്ന ഞായറാഴ്ച പാത്രംകൊട്ടി പ്രതിഷേധിക്കാനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം. ഡല്‍ഹിയു.പി. അതിര്‍ത്തികളിലും കൂടുതല്‍ കര്‍ഷകരെത്തി. കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ 30ന് കുണ്ട്‌ലിമനേസര്‍പല്‍വല്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകനേതാക്കള്‍ പ്രഖ്യാപിച്ചു. പുതുവത്സരാഘോഷം കര്‍ഷകര്‍ക്കൊപ്പം ആഘോഷിക്കാനും നേതാക്കള്‍ അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാരിനേതിരുള്ള വന്‍പ്രക്ഷോഭം അന്നേദിവസം നിശ്ചയിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ ദേശീയപാതകളില്‍ ടോളുകള്‍ ബലം പ്രയോഗിച്ചു തുറക്കുന്ന ഇപ്പോഴത്തെ സമരം ഞായറാഴ്ചയ്ക്കുശേഷവും തുടരാനാണ് കര്‍ഷകരുടെ തീരുമാനം.
കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മത്സ്യത്തൊഴിലാളികളും രാജ്യവ്യാപകപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ടി.എന്‍. പ്രതാപന്‍ എം.പി. അറിയിച്ചു. ജനുവരി ഒന്നുമുതല്‍ ഏഴുവരെ മുഴുവന്‍ സംസ്ഥാനങ്ങളിലും തൊഴിലാളികര്‍ഷക ഐക്യം എന്ന മുദ്രാവാക്യത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം

Related Articles

Back to top button