ന്യൂഡല്‍ഹി: മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതിന് മുമ്പ് കോവിഡ് വാക്സിന് സ്വീകരിക്കുന്നതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ലെന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്കുന്നതെങ്കിലും തുടര്‍ന്ന് മുന്‍നിര പ്രവര്‍ത്തകര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് വാക്സിനേഷന് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരിലധികവും 50 വയസ്സിനു മുകളിലുള്ളവരായതിനാല്‍ ഇത് നിര്‍ണ്ണായകമാകും. എന്നാല്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയില്ലെങ്കില്‍ വാക്സിനേഷന് എടുക്കുന്നതിനായി ഗ്രാമങ്ങളിലേക്ക് മടങ്ങില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
കോവിഡ് നേരത്തെ തന്നെ നിലവിലുണ്ടായിരുന്നുവെന്ന് പല ഡോക്ടര്‍മാരും പറയുന്നത് കേട്ടിട്ടുണ്ടെന്നും രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളെ ഇത് ബാധിച്ചിരുന്നുവെന്നും പഞ്ചാബില്‍ നിന്നുള്ള കര്‍ഷകനായ ചംകൗര്‍ സിങ് പറഞ്ഞു. കൈകള്‍ ശുചിയാക്കാനോ മാസ്ക് ധരിക്കാനോ മാര്‍ഗമില്ലാത്ത തെരുവില്‍ താമസിക്കുന്ന പാവങ്ങള്‍ ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. യാതൊരു ചെറുത്തുനില്പ്പുമില്ലാതെ കാര്‍ഷിക നിയമങ്ങള്‍ പാസാക്കാനുള്ള സര്‍ക്കാറിന്റെ തന്ത്രം മാത്രമാണ് ലോക്ക്ഡൗണ്‍ എന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് മരണനിരക്ക് സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും കര്‍ഷകരില്‍ ചിലര്‍ പ്രതികരിച്ചു. ആദ്യ ദിവസം മുതല്‍ ഇവിടെയുണ്ടെന്നും ശാരീരിക അകലം പാലിക്കുന്നത് അസാധ്യമായിട്ടും 100-200 ആളുകളുള്ള തങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കും കോവിഡ് ബാധിച്ചില്ലെന്ന് കര്‍ഷകനായ ബല്‍പ്രീത് സിങ് പറഞ്ഞു. രോഗത്തെക്കാള്‍ മാരകമാണ് രോഗത്തെക്കുറിച്ചുള്ള ഭയമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ കാരണം ഞങ്ങളുടെ സ്ഥലവും വീടുകളും നഷ്ടപ്പെട്ടാല്‍ വാക്സിന് കൊണ്ട് എന്തു ചെയ്യുമെന്ന് ബല്‍പ്രീത് സിങ് ചോദിച്ചു. ഈ പോരാട്ടം തുടരുമെന്നും ഇപ്പോള്‍ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ജനുവരി 26ന് പ്രഖ്യാപിച്ചിരിക്കുന്ന നിര്‍ദ്ദിഷ്ട കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ട് പോകാന്‍ 40 ഓളം കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയായ സംയുക്ത് കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. ഇതൊരു സമാധാനപരമായ റാലി ആയിരിക്കുമെന്നും ഔദ്യോഗിക റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്നും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.