ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങള്‍ ഒന്നര മുതല്‍ രണ്ടുവര്‍ഷം വരെ മരവിപ്പിക്കാമെന്നും സംയുക്ത സമിതി രൂപവത്കരിച്ച് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകസമരം തീര്‍ക്കാന്‍ ബുധനാഴ്ച നടന്ന പത്താംവട്ട ചര്‍ച്ചയിലാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ക്കുമുന്നില്‍ ഈ നിര്‍ദേശം വെച്ചത്.
അഞ്ചു മണിക്കൂറിലേറെ നീണ്ട ചര്‍ച്ച പഴയപടി അനിശ്ചിതത്വത്തിലായപ്പോഴായിരുന്നു ഈ വാഗ്ദാനം. കൂടിയാലോചിച്ച ശേഷം തീരുമാനമറിയിക്കാമെന്ന് കര്‍ഷകനേതാക്കള്‍ പറഞ്ഞതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്താമെന്ന ധാരണയില്‍ യോഗം പിരിഞ്ഞു. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സമരക്കാര്‍ക്കു വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഇടയ്ക്കുവെച്ച് കൃഷിമന്ത്രി ആവര്‍ത്തിച്ചു. ഖലിസ്താന്‍ ബന്ധവും മറ്റും ആരോപിച്ച് കര്‍ഷകനേതാക്കള്‍ക്ക് എന്‍.ഐ.എ. നോട്ടീസയയ്ക്കുന്ന നടപടി പരിശോധിക്കാമെന്നും കേന്ദ്രം ഉറപ്പ് നല്കി.
അതിനിടെ, സര്‍ക്കാരും കര്‍ഷകസംഘടനകളും ചര്‍ച്ചചെയ്ത് സമരം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് ആര്.എസ്.എസ്. ആവശ്യപ്പെട്ടു. ഏതുസമരവും ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്നത് സമൂഹത്തിന് ഗുണകരമല്ല. പരസ്പരം യോജിക്കാവുന്ന ഒരു മധ്യതലം കണ്ടെത്തി പരിഹാരത്തിനായി ഇരുപക്ഷവും ശ്രമിക്കണമെന്ന് ആര്.എസ്.എസ്. ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി ഇംഗ്ലീഷ് മാധ്യമത്തിനുനല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.