ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്നും കര്‍ഷകരുടെ പുതിയ സമിതി രൂപവത്കരിച്ച ശേഷം ചര്‍ച്ച നടത്താമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി കര്‍ഷകര്‍. വിവാദ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്നതു വരെ സമരം തുടരാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ജനറല്‍ ബോഡി തീരുമാനിച്ചു.
ബുധനാഴ്ച കര്‍ഷകരുമായി നടന്ന പത്താംവട്ട ചര്‍ച്ചയിലാണ് കേന്ദ്രം ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഉടന്‍ മറുപടി നല്കാന് കര്‍ഷക സംഘടനകള്‍ തയ്യാറായില്ല. കൂടിയാലോചനകള്‍ക്കു ശേഷം തീരുമാനം അറിയിക്കാമെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേരുകയായിരുന്നു.
മൂന്ന് കാര്‍ഷിക നിയമങ്ങളും പൂര്‍ണമായി പിന്‍വലിക്കണമെന്നും എല്ലാ കര്‍ഷകര്‍ക്കും പ്രയോജനകരായ രീതിയില്‍ താങ്ങുവില ഏര്‍പ്പെടുത്തണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികള്‍ പറഞ്ഞു. സമരം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ ആയിരുന്നു യോഗം.
വ്യാഴാഴ്ച കര്‍ഷകസമരം 58ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി നടക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ഔട്ടര്‍ ഡല്‍ഹിയിലെ റിങ് റോഡില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ളത്