ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ നടന്ന അനിഷ്ട സംഭവങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്ത കര്‍ഷകരെ വിട്ടയക്കാന്‍ കേന്ദ്രം തയ്യാറാവണമെന്ന് കര്‍ഷക നേതാവ് നരേഷ് ടികായത്. അപ്രകാരം ചര്‍ച്ചയ്ക്കുള്ള ഒരു സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമ്മര്‍ദ്ദത്തിന്റെ പേരില്‍ മാത്രം ഞങ്ങള്‍ ഒന്നിനും സമ്മതം മൂളില്ല. മാന്യമായ ഒരു പ്രശ്നപരിഹാരത്തിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് 84 പേരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് നരേഷ് ടികായത്തിന്റെ പ്രതികരണം. സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാരിലൊരാള്‍ മരണപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 38 കേസുകളാണ് ഡല്‍ഹി പോലീസ് ഇതുവരെ ഫയല്‍ ചെയ്തിരിക്കുന്നത്. 1700 മൊബൈല്‍ വിഡിയോ ക്ലിപ്പുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് നടപടി.