BREAKING NEWS

തിങ്കളാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം ഇനിയും ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി തിങ്കളാഴ്ച നടത്തുന്ന ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരം ഇനിയും ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍. മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുക, താങ്ങുവില സംബന്ധിച്ച നിയമസാധുതയുള്ള ഉറപ്പ് നല്‍കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം ജനുവരി ആറ് മുതല്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ല. 50 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചുവെന്ന വാദം അടിസ്ഥാന രഹിതമാണ്. രണ്ട് പ്രധാന ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടില്ല. താങ്ങുവില സംബന്ധിച്ച ഉറപ്പ് നല്‍കുന്നകാര്യം കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടു പോലുമില്ല ജെയ് കിസാന്‍ ആന്ദോളന്‍ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. കര്‍ഷക നേതാക്കളുമായി സിന്‍ഹു അതിര്‍ത്തിയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജനുവരി നാലിന് നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ജനുവരി ആറിന് കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തും. ഡിസംബര്‍ 31 ന് ട്രാക്ടര്‍ മാര്‍ച്ച് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ഡിസംബര്‍ 30 ന് നടക്കുന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാറ്റിവെക്കുകയായിരുന്നു. തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയുടെ വിജയമോ പരാജയമോ ആയിരിക്കും പ്രക്ഷോഭത്തിന്റെ ഭാവി നിശ്ചയിക്കുകയെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.
പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് പകരം മറ്റെന്ത് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ കഴിഞ്ഞ ചര്‍ച്ചയ്ക്കിടെ കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു. താങ്ങുവില സംബന്ധിച്ച ചര്‍ച്ച നടത്താന്‍ സമിതി രൂപവത്കരിക്കുന്ന കാര്യവും കൃഷിമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവ രണ്ടും കര്‍ഷക സംഘടനകള്‍ തള്ളുകയാണ് ഉണ്ടായത്.
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ കര്‍ഷക സംഘടനകള്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതിനിടെ, കര്‍ഷക പ്രക്ഷോഭത്തെ കേന്ദ്ര സര്‍ക്കാര്‍ നിസാരമായാണ് കാണുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് യുദ്ധ്‌വീര്‍ സിങ് പറഞ്ഞു. ഷഹീന്‍ബാഗില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം നടത്തിയവരെ സര്‍ക്കാരിന് നീക്കാന്‍ കഴിഞ്ഞു. തങ്ങളെയും അതുപോലെ നീക്കം ചെയ്യാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ അത് നടക്കാന്‍ പോകുന്നില്ല. ജനുവരി നാലിന് നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button