BREAKING NEWSLATESTNATIONAL

വീട്ടിലേക്ക് മടങ്ങില്ല; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരം ചെയ്യുന്ന കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത്ത്. കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ഏഴാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ടിക്കായത്ത് ഇക്കാര്യം പറഞ്ഞത്.
കേന്ദ്ര സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണം എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് കേന്ദ്രമന്ത്രിമാരെ അറിയിച്ചു. ഇതേക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചര്‍ച്ച നടത്തേണ്ട ആവശ്യമില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്‍ഷിക നിയമങ്ങളെപ്പറ്റി വിശദമായ ചര്‍ച്ച നടത്താമെന്ന് കേന്ദ്ര കൃഷിമന്ത്രി നിര്‍ദ്ദേശിച്ചുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് യുവ്ധീര്‍ സിങ് പറഞ്ഞു. നിര്‍ദ്ദേശം കര്‍ഷക നേതാക്കള്‍ തള്ളി. മൂന്ന് നിയമങ്ങളും പൂര്‍ണമായും പിന്‍വലിക്കണമെന്നതാണ് തങ്ങളുടെ ആവശ്യം. അതിനാല്‍ നിയമത്തിലെ വ്യവസ്ഥകളെപ്പറ്റി വിശദമായ ചര്‍ച്ച നടത്തേണ്ട ആവശ്യമില്ല. നിയമ ഭേദഗതി എന്നതിലേക്ക് തങ്ങളെ എത്തിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും അടുത്ത ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. നിയമത്തിലെ ഓരോ വ്യവസ്ഥകളെപ്പറ്റിയും ചര്‍ച്ച നടത്താമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചു. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കടുംപിടിത്തത്തിലായിരുന്നു കര്‍ഷക നേതാക്കളെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചത്. കര്‍ഷകര്‍ക്ക് പ്രശ്‌നമുണ്ടെന്ന് തോന്നുന്ന നിയമത്തിലെ ഏത് വ്യവസ്ഥയെക്കുറിച്ചും ചര്‍ച്ച നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ കര്‍ഷകരും ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍, സോം പ്രകാശ് എന്നിവരാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും വീണ്ടും ചര്‍ച്ച നടത്തും.

Related Articles

Back to top button