ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്യുകയും അവയെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കുകയും ചെയ്തതിന് പിന്നാലെ രൂക്ഷ പ്രതികരിണവുമായി കോണ്‍ഗ്രസ്. സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളും നിയമത്തെ അനുകൂലിക്കുന്നവരാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് കര്‍ഷകര്‍ അവരില്‍ നിന്ന് എങ്ങനെ നീതി പ്രതീക്ഷിക്കുമെന്നും ചോദിച്ചു.
കമ്മിറ്റി അംഗങ്ങളുടെ യോഗ്യത ഏതെങ്കിലും സര്‍ക്കാര്‍ അഭിഭാഷകന് കോടതിക്ക് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള അടുത്തഘട്ട ചര്‍ച്ച നടക്കുന്ന ജനുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരുമായി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരതീയ കിസാന്‍ യൂണിയന് പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് മാന്‍, മഹാരാഷ്ട്രയിലെ ഷെത്കാരി സംഘടന പ്രസിഡന്റ് അനില്‍ ഘന്വാത്, ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണേഷ്യ ഡയറക്ടര്‍ പ്രമോദ് കുമാര്‍ ജോഷി, കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി എന്നിവരുടെ പേരകളാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.
ആരാണ് ചീഫ് ജസ്റ്റിസിന് ഈ പേരുകള്‍ നല്‍കിയതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്തുകൊണ്ടാണ് അവരുടെ നിലപാടുകളും പശ്ചാത്തലവും പരിശോധിക്കാത്തത്. ഈ നാലുപേരും നിയമങ്ങളെ അനുകൂലിക്കുകയും പ്രധാനമന്ത്രി മോദിക്കൊപ്പം നില്ക്കുന്നവരുമാണ്. ഇത്തരമൊരു സമിതിയില്‍നിന്ന് എങ്ങനെ നീതി പ്രതീക്ഷിക്കും. സുര്‍ജേവാല ചോദിച്ചു.
കമ്മിറ്റി അംഗങ്ങളില്‍ ഒരാള്‍ കേസിലെ ഹര്‍ജിക്കാരനാണെന്നും സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയില്‍ എങ്ങനെ ഹര്ജിക്കാരന് അംഗമാകുമെന്നും സുര്‍ജേവാല ചോദിച്ചു. നാലുപേരും കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്നും കമ്മിറ്റിയില്‍ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
***