BREAKING NEWSNATIONAL

കര്‍ഷക സമരം അലങ്കോലമാക്കാന്‍ പദ്ധതി; ഒരാളെ പിടികൂടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് പൊലീസിനു കൈമാറി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ചെയ്യുന്ന സിംഘു അതിര്‍ത്തിയില്‍ നാടകീയ നീക്കങ്ങള്‍. കര്‍ഷക സമരം അട്ടിമറിക്കാനും നേതാക്കള്‍ക്കു നേരെ വെടിവെക്കാനും നിയോഗിച്ചതാണെന്ന് ആരോപിച്ച് ഒരാളെ കര്‍ഷകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി.
വെള്ളിയാഴ്ച രാത്രിയോടെയാണ് കര്‍ഷകര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലി അലോങ്കലപ്പെടുത്താനും കര്‍ഷക നേതാക്കളെ വെടിവെച്ചു കൊലപ്പെടുത്താനും രണ്ടും സംഘങ്ങളെ നിയോഗിച്ചെന്ന് കര്‍ഷകര്‍ ആരോപിച്ചു. സംഘത്തില്‍ പെട്ടയാളെന്ന് ആരോപിച്ച് ഒരു മുഖംമൂടി ധാരിയെ കര്‍ഷകര്‍ മാധ്യമങ്ങള്‍ക്ക് ഹാജരാക്കുകയും തുടര്‍ന്ന് പോലീസിന് കൈമാറുകയും ചെയ്തു.
കര്‍ഷക റാലി അലങ്കോലപ്പെടുത്താന്‍ പോലീസിന്റെ ഒത്താശയോടെ തങ്ങള്‍ പദ്ധതിയിട്ടതായി മുഖംമൂടിധാരി മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചന നടത്തിയ പോലീസുകാരുടെ പേരെടുത്ത് പറയുകയും ചെയ്തു.
‘രണ്ടു സംഘങ്ങളായി ജനുവരി 19 മുതല്‍ തങ്ങള്‍ ഇവിടെയുണ്ട്. പ്രതിഷേധക്കാരുടെ പക്കല്‍ ആയുധമുണ്ടോയെന്ന് പരിശോധിക്കാനാണ് തങ്ങളെ ചുമതലപ്പെടുത്തിയത്. ജനുവരി 26ന് പ്രക്ഷോഭകര്‍ക്കിടയില്‍ കൂടിചേരാനും സമരത്തിനിടെ വെടിയുതിര്‍ക്കാനുമായിരുന്നു പദ്ധതി.
കര്‍ഷകര്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇത്. പ്രക്ഷോഭകര്‍ക്ക് പോലീസ് ആദ്യം മുന്നറിയിപ്പ് നല്‍കും തുടര്‍ന്ന് സഹകരിച്ചില്ലെങ്കില്‍ മുട്ടിന് കീഴെ വെടിയുതിര്‍ക്കാനും പദ്ധതിയുണ്ട്. കര്‍ഷകര്‍ ആയുധങ്ങള്‍ ഉപയോഗിച്ചുവെന്ന് പോലീസിന് സ്ഥാപിച്ചെടുക്കാനാണ് തങ്ങളെ ആയുധങ്ങളുമായി ഇങ്ങോട്ടേക്ക് നിയോഗിച്ചത്’ മുഖംമൂടി ധാരി പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംശയാസ്പദമായ രീതിയില്‍ സിംഘുവില്‍ നിന്ന് കര്‍ഷകര്‍ ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ കര്‍ഷകര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് എത്തിയ വ്യക്തിയെന്ന് മനസിലായത്.
ഹരിയാണ പോലീസിനാണ് ഇയാളെ കൈമാറിയത്. കുണ്ട്‌ലി പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Related Articles

Back to top button