BREAKING NEWSLATESTNATIONAL

കര്‍ഷകര്‍ സമരഭൂമിയിലേക്ക് മടങ്ങി, ഡല്‍ഹി ശാന്തം

ന്യൂഡല്‍ഹി: ഒരുപകല്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി സാധാരണ നിലയിലേക്ക്. ഇന്നലെ രാത്രിയോട് കൂടി കര്‍ഷകര്‍ സമരഭൂമിയിലേക്ക് മടങ്ങി. ഡല്‍ഹി ഐടിഒയില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി. പൊലീസ് വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്ന് പൊലീസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അവര്‍ പുറത്തുവിട്ടു. ഐടിഒയില്‍ റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു.
അഞ്ച് കമ്പനി അര്‍ധസൈനികരെക്കൂടി തലസ്ഥാനത്ത് വിന്യസിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡല്‍ഹിയിലെ അക്രമങ്ങളെ അപലപിച്ച എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, കേന്ദ്രസര്‍ക്കാര്‍ പക്വതയോടെ ഉചിതമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത കര്‍ഷക രോഷത്തിനാണ് റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനം സാക്ഷിയായത്. സമാധാനപരമായി ആഹ്വാനം ചെയ്ത റാലി അക്ഷരാര്‍ഥത്തില്‍ തെരുവ് യുദ്ധമായി. ദേശീയ തലസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധമുണ്ടായി. ചെങ്കോട്ടയിലും നഗരഹൃദയമായ ഐടിഒയിലും കര്‍ഷകര്‍ പ്രവേശിച്ചു.
ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. ചെങ്കോട്ട കീഴടക്കിയ കര്‍ഷകര്‍ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കര്‍ഷകരെത്തി. ഐടിഒയിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ നിന്നുള്ളയാളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് വെടിവയ്പിലാണ് മരണമെന്ന് കര്‍ഷകര്‍ ആരോപിച്ചു. ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്ന് പൊലീസ് പ്രതികരിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടില്‍നിന്നുമാറി നൂറുകണക്കിന് കര്‍ഷകര്‍ പോയത് ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും കലാശിച്ചു. ഐടിഒയില്‍ ഒരു ബസ് കര്‍ഷകര്‍ നശിപ്പിച്ചു. അതിര്‍ത്തിയില്‍ പലയിടത്തും കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്നു. രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനുശേഷം തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ മാത്രം ട്രാക്ടര്‍ പരേഡ് നടത്താനുള്ള അനുമതിയാണ് ഡല്‍ഹി പൊലീസ് നല്‍കിയത്.
പലയിടത്തും മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചു. സീമാപുരിയില്‍ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു. മാര്‍ച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാന്‍ സുരക്ഷയൊരുക്കിയെങ്കിലും കര്‍ഷകര്‍ അവ മറികടന്നു ഡല്‍ഹി നഗരത്തിലേക്കു പ്രവേശിച്ചു.
ബാരിക്കേഡ് മറികടക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചത് ദില്‍ഷാദ് ഗാര്‍ഡനില്‍ വന്‍ സംഘര്‍ഷത്തിനിടയാക്കി. മാര്‍ച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടതോടെ ട്രാക്ടറുകള്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പിന്‍വാങ്ങി. ട്രാക്ടറുകള്‍ ഉപയോഗിച്ച് ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ മുന്നോട്ടു നീങ്ങിയതോടെ റോഡില്‍ കുത്തിയിരുന്ന് പൊലീസ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചു. കര്‍ഷകരും പൊലീസും തമ്മില്‍ കല്ലേറുണ്ടാ
സെന്‍ട്രല്‍ ഡല്‍ഹിയില്‍ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നഗരത്തിലേക്കു പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവര്‍ക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
നേരത്തെ, ഹരിയാന അതിര്‍ത്തിയായ കര്‍നാലില്‍ എത്തിയ കര്‍ഷകര്‍ ഏറെ നേരത്തെ സംഘര്‍ഷാവസ്ഥയ്ക്കു ശേഷം സിംഘുവിലേക്കു മടങ്ങി. രാവിലെ സിംഘുവില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് കര്‍നാലില്‍ അവസാനിപ്പിച്ചാണ് കര്‍ഷകര്‍ മടങ്ങിയത്. സിംഘുവില്‍ നിന്നുള്ളവര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ജി.ടി. റോഡു വരെ എത്തിയിരുന്നു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും ട്രാക്ടര്‍ മാര്‍ച്ച് എത്തി.
പൊലീസ് ബാരിക്കേഡ് മറികടന്ന് നടത്തിയ ട്രാക്ടര്‍ മാര്‍ച്ചില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സംഘര്‍ഷത്തില്‍ ഏതാനും പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഡല്‍ഹി – മീററ്റ് എക്‌സ്പ്രസ് വേയില്‍ പാണ്ഡവ് നഗറിനു സമീപം കര്‍ണാല്‍ ബൈപാസില്‍ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും കര്‍ഷകര്‍ മറികടന്നു.
മുന്‍കൂര്‍ നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കര്‍ഷക മാര്‍ച്ച് ആരംഭിച്ചത്. റിപ്പബ്ലിക് ദിന പരേഡിനുശേഷം 11 മണിയോടെ കര്‍ഷക മാര്‍ച്ച് ആരംഭിക്കാനായിരുന്നു നേരത്തെ അനുമതി നല്‍കിയിരുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന പാതയില്‍നിന്നു വ്യതിചലിച്ച് രാവിലെ എട്ടു മണിയോടെ മാര്‍ച്ച് ആരംഭിച്ചിരുന്നു.

Related Articles

Back to top button