ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയാളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്. പഞ്ചാബിലെ തരന് സ്വദേശി ജുഗ്രാജ് സിങ് ആണ് പതാക ഉയര്‍ത്തിയതെന്നു ഡല്‍ഹി പൊലീസ് അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തിലേക്കു വഴി മാറിയതിനു പിന്നില്‍ പഞ്ചാബി സിനിമാതാരം ദീപ് സിദ്ധുവിന്റെയും ഡല്‍ഹി പൊലീസിന്റെയും ഇടപെടലുകളാണെന്ന വാദം ഉയര്‍ത്തി കര്‍ഷകര്‍ രംഗത്തു വന്നതിനു പിന്നാലെയാണ് കര്‍ഷക സംഘടനകളെ പ്രതിരോധത്തിലാക്കി ഡല്‍ഹി പൊലീസിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കിയത് ദീപ് സിദ്ധുവാണെന്നു കര്‍ഷക നേതാവ് രാകേഷ് ടികായത്ത് ആരോപിച്ചു. പ്രധാനമന്ത്രിക്കൊപ്പം ഇയാള്‍ നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും സമരം പൊളിക്കാന്‍ ബിജെപി ആസൂത്രണം ചെയ്ത നാടകമാണെന്നും ടികായത്ത് പ്രതികരിച്ചു.
ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കര്‍ഷകനെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു.
റാലിക്കിടെയുണ്ടായ അക്രമത്തില്‍ യോഗേന്ദ്ര യാദവ് ഉള്‍പ്പെടെ ഒമ്പത് കര്‍ഷക നേതാക്കള്‍ക്കെതിരേയും കേസെടുത്തു. യോഗേന്ദ്ര യാദവ്, ദര്ശന് പാല്, രാകേഷ് ടികായത്ത് തുടങ്ങിയ കര്‍ഷക നേതാക്കളെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കലാപമുണ്ടാക്കി, പൊതുമുതല്‍ നശിപ്പിച്ചു, പോലീസുകാരെ ആക്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ഇരുന്നൂറോളം പ്രതിഷേധക്കാരെയും ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു.
റജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം 23 ആയി. പൊലീസിനു നേരെ വാള് വീശിയ നിഹാങ്ക് സിഖുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗുണ്ടാ രാഷ്ട്രീയ നേതാവായ ലഖ സിദാനയ്ക്ക് ഡല്‍ഹിയിലെ അക്രമ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ലഖ സിദാനയുമായി ദീപ് സിദ്ധു അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളോട് ഡല്‍ഹി പൊലീസ് പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസം രാത്രി സമരഭൂമിയിലെത്തി കര്‍ഷകരെ പ്രകോപിതരാക്കി സമരം കലുഷിതമാക്കാന്‍ ദീപ് സിദ്ധുവും ലഖ സിദാനയും ശ്രമിച്ചതായി സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് ആരോപിച്ചിരുന്നു. ദീപ് സിദ്ധു ബിജെപിയുടെ ഏജന്റാണെന്നും സമരം പൊളിക്കാന്‍ ഇടപെട്ടുവെന്നുമാണ് കര്‍ഷക സംഘടനകള്‍ ഉയര്‍ത്തുന്ന ആരോപണം.