BREAKING NEWSLATESTNATIONAL

കര്‍ഷക നിയമം: പിന്‍വലിക്കില്ലെന്ന് ഷാ, ഇനി ചര്‍ച്ചയില്ലെന്ന് സമരക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷകസംഘടനകളുടെ ഭാരത് ബന്ദില്‍ പല സംസ്ഥാനങ്ങളിലും റെയില്‍, റോഡ് ഗതാഗതം സ്തംഭിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചൊവ്വാഴ്ച വൈകീട്ട് 15ഓളം കര്‍ഷകസംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും കാര്‍ഷികനിയമങ്ങളിലെ ന്യായീകരണങ്ങള്‍ കേന്ദ്രം ആവര്‍ത്തിച്ചതിനാല്‍ വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചു.
നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കേന്ദ്രം ഉറപ്പു നല്‍കാത്തതിനാല്‍ കൃഷിമന്ത്രി ബുധനാഴ്ച വിളിച്ച ആറാംവട്ട ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം, കര്‍ഷകരോഷം തിളച്ച പഞ്ചാബിലും ഹരിയാണയിലും ബന്ദിനെത്തുടര്‍ന്ന് ജനജീവിതം നിശ്ചലമായി. ബന്ദ് പൊതുവേ സമാധാനപരമായിരുന്നെങ്കിലും രാജസ്ഥാനിലെ ജയ്പുരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി. പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ (എ.എ.പി.) പ്രകടനത്തെ പോലീസ് നേരിട്ടതും സംഘര്‍ഷമുണ്ടാക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എ.എ.പി. ആരോപിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡല്‍ഹി പോലീസ് പ്രതികരിച്ചു.
ഡല്‍ഹിഹരിയാണ അതിര്‍ത്തിയിലെ ഗുഡ്ഗാവിനടുത്ത് ബിലാസ്പുരില്‍ പ്രതിഷേധിച്ച കിസാന്‍സഭ ജോയന്റ് സെക്രട്ടറി കെ.കെ. രാഗേഷ് എം.പി., ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്‌ളെ, അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജോയന്റ് സെക്രട്ടറി വിക്രം സിങ് തുടങ്ങി ഇരുനൂറിലേറെപ്പേരെ അറസ്റ്റുചെയ്തു നീക്കി. കാന്‍പുരില്‍ സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലിയെ യു.പി. പോലീസ് വീട്ടുതടങ്കലിലാക്കി. രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാവ് ശിവകുമാര്‍ കക്കാജി, തമിഴ്‌നാട്ടിലെ കര്‍ഷകസമരനായകന്‍ അയ്യാക്കണ്ണ് എന്നിവരെയും ഡല്‍ഹിയില്‍ അറസ്റ്റു ചെയ്തു. നേതാക്കളെയെല്ലാം പിന്നീട് വിട്ടയച്ചു.
പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ബിഹാര്‍, ഒഡിഷ സംസ്ഥാനങ്ങളിലായിരുന്നു റെയില്‍ ഉപരോധം. പതിവിനു വിപരീതമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബന്ദ് ഭാഗികമായി പ്രകടമായി. എന്നാല്‍, നഗരമധ്യത്തിലെ കൊണാട്ട്‌പ്ലേസില്‍ കടകളും സ്ഥാപനങ്ങളുമെല്ലാം തുറന്നുപ്രവര്‍ത്തിച്ചു. രാജ്യത്തെ 20,000 കേന്ദ്രങ്ങളിലായി അരക്കോടിപ്പേര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായി ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും ബന്ദ് ചരിത്രവിജയമാണെന്ന് കിസാന്‍സഭയും പ്രതികരിച്ചു.
കാര്‍ഷികനിയമങ്ങളില്‍ ആശങ്കയുള്ള വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാമെന്നും മിനിമം താങ്ങുവില രേഖാമൂലം ഉറപ്പു നല്‍കാമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകസംഘടനകള്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker