കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ അഞ്ചാംദിവസവും സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹം കര്‍ഷകരുമായി ഫോണ്‍വഴി സംസാരിച്ചെന്ന് ബി കെ യു പ്രസിഡന്റ് ബൂട്ടാ സിങ് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ കൂടിക്കാഴ്ചയ്ക്കു വേണ്ടി കത്തയ്ക്കുമെന്ന് അമിത് പറഞ്ഞതായും ബൂട്ടാ സിങ് അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച കര്‍ഷക നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും അമിത് ഷാ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, സിംഘു അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷകര്‍ വൈകുന്നേരം 4.30ന് മാധ്യമങ്ങളെ കാണുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ ചര്‍ച്ചയാകാമെന്ന സര്‍ക്കാര്‍ നിലപാട് കഴിഞ്ഞദിവസം കര്‍ഷകര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അനുനയ നീക്കവുമായി അമിത് ഷാ രംഗത്തെത്തിയത്.