BREAKING NEWSLATESTNATIONAL

മോദിയോട് കര്‍ഷകര്‍; ആദ്യം നിയമം റദ്ദാക്കൂ, എന്നിട്ടാവാം ചര്‍ച്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെക്കുറിച്ച് മന്ത്രിമാര്‍ പറയുന്നത് കര്‍ഷകര്‍ കേള്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കര്‍ഷകസംഘടനകള്‍. ഒത്തുതീര്‍പ്പ് ഫോര്‍മുല സ്വീകാര്യമല്ലെന്നും, നിയമം റദ്ദാക്കിയാല്‍ ചര്‍ച്ചയാവാമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. ഇന്നു രാവിലെയാണ് കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും നരേന്ദ്ര സിങ് തോമറും പറയുന്നത് കര്‍ഷക സംഘടനകള്‍ കേള്‍ക്കണമെന്ന ട്വീറ്റുമായി പ്രധാനമന്ത്രി രംഗത്തുവന്നത്.
നിയമം റദ്ദാക്കുക എന്നത് കേന്ദ്രത്തിന്റെ പരിഗണനയില്‍ ഇല്ലെന്നും കര്‍ഷകരെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നുമാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചത്. പൂര്‍ണമായും വികലമായ ഒരു നിയമവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറിലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷക സംഘടനകള്‍.
അതിനിടെ പുതിയ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വാര്‍ത്താസമ്മേളനങ്ങളും ‘ചൗപാലു’കളും മറ്റും സംഘടിപ്പിക്കാനുള്ള തിരക്കിലാണ് ബിജെപി. വരും ദിവസങ്ങളില്‍ 700 വാര്‍ത്താസമ്മേളനങ്ങളും 700 ചൗപാലുകളും സംഘടിപ്പിക്കുമെന്നാണ് ബിജെപി അറിയിച്ചത്
കര്‍ഷക പ്രതിഷേധം ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കെ പ്രതിഷേധം കടുപ്പിക്കുകയാണ് കര്‍ഷക സംഘടനകള്‍. ദേശീയപാതകള്‍ക്ക് പുറമേ രാജ്യവാപകമായി അനിശ്ചിത കാല ട്രെയിന്‍ തടയല്‍ സമരം നടത്താനാണ് സംഘടനകളുടെ തീരുമാനം. ജയ്പുര്‍ഡല്‍ഹി, ആഗ്രഡല്‍ഹി ദേശീയപാതകള്‍ നാളെ ഉപരോധിക്കും.
തിങ്കളാഴ്ച രാജ്യവ്യാപകമായി ബിജെപി ഓഫിസുകള്‍ ഉപരോധിക്കുന്നത് അടക്കം നേരത്തെ പ്രഖ്യാപിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടനകള്‍ ഇന്ന് യോഗം ചേരും. അതിനിടെ സിംഘുവിലെ കര്‍ഷകസമര വേദിയിലുണ്ടായിരുന്ന ഡിസിപിക്കും അഡീ.ഡിസിപിക്കും കോവിഡ് സ്ഥിരീകരിച്ചു സമരം 16ാം ദിവസത്തിലേക്ക് കടന്നതോടെ, കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെയും മുന്നറിയിപ്പ് നല്‍കി.
ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് കേന്ദ്രം ആവര്‍ത്തിച്ചെങ്കിലും നേരത്തെ മുന്നോട്ടുവച്ച അഞ്ചിന ഫോര്‍മുല കര്‍ഷക സംഘടനകള്‍ പുന:പരിശോധിക്കണമെന്നാണ് ആവശ്യം. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കില്ലെന്നും ഭേദഗതികളാകാമെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍, നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സംഘടനകള്‍. ചൂണ്ടിക്കാട്ടിയ 15 പ്രശ്‌നങ്ങളില്‍ 12 എണ്ണവും കേന്ദ്രം ശരിവയ്ക്കുന്നുണ്ടെന്നും എന്നിട്ടും നിയമം പിന്‍വലിക്കാന്‍ തയാറാകാത്തത് അംഗീകരിക്കാനാകില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി.

Related Articles

Back to top button