കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന് പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ കയ്യേറ്റം നടന്നെന്ന് പരാതി. മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചക്കിടെ തന്നെ കയ്യേറ്റം ചെയ്തെന്ന് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി പിആര്‍ഒയാണ് പരാതി നല്‍കിയത്. പിആര്‍ഒ ടി കെ മുസ്തഫ ഇപ്പോള്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജീവനക്കാരുടെ വീടും ഭൂമിയുമുള്‍പ്പെടെ സ്വത്ത് കൈമാറാന്‍ നിര്‍ബന്ധിച്ചെന്നും സമ്മതിക്കാത്തതു കൊണ്ട് മര്‍ദ്ദിച്ചെന്നുമാണ് പരാതി. സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ വിളിച്ചു വരുത്തിയതാണെന്നും മുസ്തഫ പ്രമേഹം കൂടി കുഴഞ്ഞ് വീണതാണെന്നുമാണ് കല്ലട്ര മാഹിന്‍ ഹാജിയുടെ പ്രതികരണം.