BREAKING NEWSLATESTNATIONAL

‘നിയമന നിരോധനമില്ല, ചെലവ് കുറയ്ക്കാനാണ് നിര്‍ദേശം’; വിവാദ സര്‍ക്കുലറില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക ചെലവ് കുറയ്ക്കാന്‍ നിര്‍ദേശിച്ച് വെള്ളിയാഴ്ച പുറത്തിറക്കിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍ സര്‍ക്കുലറില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ തസ്തികകളിലേക്ക് നടത്തുന്ന നിയമനങ്ങളെ സര്‍ക്കുലര്‍ ബാധിക്കില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
സാമ്പത്തിക പ്രതിസന്ധിക്കിടെ ഔദ്യോഗിക ചെലവ് കുറയ്ക്കുന്നതിനായി വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലര്‍ സര്‍ക്കാര്‍ ജോലികള്‍ക്കുള്ള നിയമനത്തെ ബാധിക്കുകയോ കുറയ്ക്കുകയോ ചെയ്യില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനെ കുറിച്ച് ‘മരവിപ്പിക്കണമെന്ന’ സര്‍ക്കുലര്‍ കേന്ദ്രം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനിടയില്‍ കൂടുതല്‍ ഒഴിവുകള്‍ സൃഷ്ടിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
‘2020 സെപ്റ്റംബര്‍ 4 ലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍ സര്‍ക്കുലര്‍, തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള ആഭ്യന്തര നടപടിക്രമങ്ങളില്‍ ഇടപെടില്ല. ഇത് ഒരു തരത്തിലും നിയമനത്തെ ബാധിക്കുകയോ കുറയ്ക്കുകയോ ചെയ്യില്ല,’ ധനമന്ത്രാലയം ശനിയാഴ്ച ട്വീറ്റില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ തസ്തിക നികത്തുന്നതിന് നിയന്ത്രണമോ നിരോധനമോ ഉണ്ടാകില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികളായ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, യുപിഎസ്‌സി, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എന്നിവയിലൂടെയുള്ള സാധാരണ നിയമനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ‘നിര്‍ണായക മുന്‍ഗണനാ പദ്ധതികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മതിയായ വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന്’ ചില വികസനേതര ചെലവുകള്‍ നിരോധിക്കാന്‍ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് ചെലവ് കുറയ്ക്കാന്‍ ധനമന്ത്രാലയം തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പ്രധാന മേഖലകളിലെ നിക്ഷേപത്തിനായി വിഭവങ്ങള്‍ വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണിത്. പൊതുചെലവിന്റെ ഗുണനിലവാരം ഉയര്‍ത്തുക, വികസനേതര ചെലവുകള്‍ ഉള്‍ക്കൊള്ളുക, നിര്‍ണായക മുന്‍ഗണനാ പദ്ധതികള്‍ക്ക് ആവശ്യമായ വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് മന്ത്രാലയം ചെലവ് കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍ സര്‍ക്കുലറില്‍ പറയുന്നുണ്ട്.
സര്‍ക്കുലര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരെ രംഗത്തെത്തി. മോദിയുടേത് പരിമിതമായ ഭരണമാണെന്നും, പരമാവധി സ്വകാര്യവല്‍ക്കരണമാണെന്നും രാഹുല്‍ ആരോപിച്ചു. കോവിഡ് 19 മഹാമാരി ഒരു ഒഴിവുകഴിവ് മാത്രമാണെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥിരം ഉദ്യോഗസ്ഥരെ സ്വതന്ത്രരാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ ആരോപിച്ചു. ‘യുവാക്കളുടെ ഭാവി കവര്‍ന്നെടുക്കുകയും അടുപ്പക്കാര്‍ക്ക് താല്‍ക്കാലികനിയമനം നല്‍കുകയുമാണ് ചെയ്യുന്നത്’ രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ എഴുതിയ ട്വീറ്റില്‍ പറഞ്ഞു.

Tags

Related Articles

Back to top button
Close