ഈ ലോകത്തില്‍ പല പ്രേതനഗരങ്ങളും ഉണ്ട്. അവ ഉപേക്ഷിക്കപ്പെട്ടതിന് പിന്നിലും കാണും അനേകം കാരണങ്ങള്‍. അതുപോലെ പെന്‍സില്‍വാനിയയിലും ഉണ്ട് ഒരു പ്രേതനഗരം -സെന്‍ട്രാലിയ. ഒരിക്കല്‍ പെന്‍സില്‍വാനിയയിലെ ഖനനവിജയത്തിന്റെ പ്രതീകമായി കണക്കാക്കിയിരുന്ന നഗരമാണിത്. ഏകദേശം 1,000 നിവാസികളുണ്ടായിരുന്നിട്ടും ഇതൊരു ഖനനകേന്ദ്രമായി മാറുകയായിരുന്നു. അവിടെയുണ്ടായിരുന്ന കല്‍ക്കരി നിക്ഷേപം തന്നെ കാരണം. എന്നാല്‍, ഇന്ന് ഇതൊരു പ്രേതനഗരമാണ്. ഒരിക്കലും അണയാത്ത തീയാണ് നഗരത്തിന്റെ തലവര തന്നെ മാറ്റിവരച്ചത്.
1962 -ല്‍ സെന്‍ട്രാലിയയിലെ കല്‍ക്കരി ഖനികളില്‍ ഒരു തീപിടിത്തമുണ്ടായി. അതിശയിപ്പിക്കുന്ന കാര്യം ഇന്നും ആ തീ അണഞ്ഞിട്ടില്ല എന്നതാണ്, അത് ഭൂമിക്കടിയില്‍ കത്തിക്കൊണ്ടേയിരിക്കുകയാണത്രെ. വര്‍ഷങ്ങള്‍ നീണ്ട ഖനനത്തിനും തീപിടിത്തത്തിനും പിന്നാലെ നഗരത്തില്‍ പല അപകടങ്ങളുമുണ്ടായി. നഗരം തകരാനും പലയിടത്തും വിള്ളലുകള്‍ പ്രത്യക്ഷപ്പെടാനും അപകടകരമായ കാര്‍ബണ്‍ മോണോക്‌സൈഡും മറ്റ് വാതകങ്ങളും വായുവിലേക്ക് പുറംതള്ളാനും തുടങ്ങി. വാഹനങ്ങളൊന്നും തന്നെ ആ നഗരത്തിലേക്ക് വരാതായി. അതോടെ നഗരം ഒറ്റപ്പെട്ടുപോയി.
1990 -കളുടെ തുടക്കത്തിലാണ് ആളുകള്‍ പട്ടണത്തില്‍ നിന്ന് പലായനം ചെയ്തു തുടങ്ങിയത്. വിഷവാതകങ്ങളും ഭൂമിയിലെ വിള്ളലുകളും തീയും ഒക്കെ അതിന് കാരണമായി. എന്നാല്‍, അഞ്ച് താമസക്കാരെങ്കിലും 2020 വരെ ഇവിടെ തുടര്‍ന്നിരുന്നു. 2013 -ല്‍ സര്‍ക്കാര്‍ ഇവരുമായി കരാറുണ്ടാക്കിയിരുന്നു. മരണം വരെ അവിടെ തുടരാനുള്ള അവകാശമാണ് സര്‍ക്കാര്‍ അവര്‍ക്ക് നല്‍കിയത്. മരണശേഷം ആ സ്വത്ത് സര്‍ക്കാരിനായിരിക്കും എന്നും കരാറില്‍ പറഞ്ഞിരുന്നു.
എന്നാലിന്നും സെന്‍ട്രാലിയ കാണാന്‍ ആളുകളെത്താറുണ്ട്. ദൂരെ വാഹനമിറങ്ങി നടന്നാണ് ഇവര്‍ വരുന്നത്. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതില്‍ പലരുമെത്തുന്നത് നല്ല കാരണങ്ങള്‍ കൊണ്ടല്ല, മറിച്ച് പല ദുരുദ്ദേശങ്ങളും വച്ചാണ്. ഒപ്പം നഗരത്തിന് നാശമുണ്ടാക്കുകയും ചെയ്യുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതുപോലെ, 500 വര്‍ഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന തീ കാണാനും ആളുകള്‍ ഇവിടെ എത്തുന്നു.
നഗരത്തില്‍ പലയിടത്തും മുന്നറിയിപ്പ് ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്. ഏതുനേരവും അപകടമുണ്ടാകാമെന്നും വിള്ളലോ തീയോ ഉണ്ടാകാമെന്നും വിഷവാതകങ്ങള്‍ ശ്വസിക്കേണ്ടി വരുമെന്നും ഒക്കെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
***
80 1 minute read