തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളി പൊലീസ്. തീപിടിത്തം ഫാനില്നിന്നാണെന്നു വ്യക്തമാക്കിയ പൊലീസ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന വാദം തള്ളി. മദ്യകുപ്പിയില്‍ തീപിടിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
തീപിടിത്തം ഉണ്ടായ സ്ഥലത്തുനിന്ന് അല്പം അകലെയുള്ള കാബിനില്‍നിന്നാണ് മദ്യകുപ്പി കണ്ടെടുത്തത്. കുപ്പിയില്‍ മദ്യം ഉണ്ടായിരുന്നില്ല. കാബിന് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു. ഫാനില്‍നിന്നാണ് തീപിടിച്ചതെന്നു വ്യക്തമാക്കുന്ന ഗ്രാഫിക് വിഡിയോ പൊലീസ് പുറത്തുവിട്ടു. തീപിടിത്തം ഉണ്ടായ സ്ഥലത്തുനിന്നും ശേഖരിച്ച സാധനങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കു നാഷണല്‍ ലാബിലേക്ക് അയയ്ക്കാനും പൊലീസ് തീരുമാനിച്ചു.
ദുരൂഹതയില്ലെന്ന നിഗമനത്തിലേക്കു പൊലീസ് എത്തിയതിങ്ങനെ: 2013ല്‍ നിര്‍മിച്ച ഫാനില്‍ ഇലക്ടിക്കല്‍ തകരാര്‍ ഉണ്ടായിരുന്നെന്നും തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു ചൂടായ ഫാനിലെ പ്ലാസ്റ്റിക് ഉരുകി ഷെല്ഫിനു മുകളിലെ പേപ്പറില്‍ വീണു തീപിടിച്ചിരിക്കാനാണു സാധ്യതയെന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തീപിടിത്തത്തിന് ഇടയാക്കുന്ന വസ്തുക്കള്‍ സ്ഥലത്തുനിന്നു കണ്ടെടുക്കാനായിട്ടില്ല.
പൂര്‍ണമായി കത്തിനശിച്ച ഫാനിന്റെ എംസിബി ട്രിപ്പായ അവസ്ഥയിലായിരുന്നു. ഫാനിലേക്കുള്ള കണക്ഷന് വയറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ എംസിബി ട്രിപ്പാകാന് സാധ്യതയുണ്ട്. ഫൊറന്‍സിക് ലബോറട്ടറിയില്‍ വിഷ്വല്‍ ആന്‍ഡ് മൈക്രോസ്കോപ്പിക് എക്സാമിനേഷനാണു നടത്തിയതെന്നും ഇതു വിശദമായി പരിശോധിക്കുന്നതിനു നാഷനല്‍ ലാബിലേക്ക് അയക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദ പരിശോധന ആവശ്യമുണ്ടെങ്കില്‍ കത്തിയ ഫാനിന്റെ ഇലക്ട്രിക് സര്‍ക്യൂട്ട് മാറ്റം വരുത്താതെ നിലനിര്‍ത്തിയിട്ടുണ്ട്.
ഫാനിന്റെ പ്ലാസ്റ്റിക് ഉരുകിയതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന നടത്താനുള്ള സംവിധാനം ഫൊറന്‍സിക് ലാബിലില്ലാത്തതിനാല് അതും നാഷണല്‍ ലാബില്‍ അയയ്ക്കും. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും സെക്രട്ടേറിയറ്റ് പരിസരത്തെ 30,000ല്‍ അധികം ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും ചെയ്തു. സഥലത്തുനിന്ന് സാനിറ്റൈസറിന്റെ ഒഴിഞ്ഞ കുപ്പി കണ്ടെത്തിയെങ്കിലും അതിലൂടെ തീപിടിത്തം ഉണ്ടായില്ലെന്നു ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തമായി.
ചീഫ് ഇലക്ട്രിക്കല്‍ ഉദ്യോഗസ്ഥര്‍, എഫ്എസ്എല് വിദഗ്ധര്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ 98 സാക്ഷികളെ കണ്ട് വിശദീകരണം തേടിയിരുന്നു. 45 വസ്തുക്കള്‍ ഫൊറന്‍സിക് പരിശോധനയ്ക്കു അയച്ചു. 70 രേഖകള്‍ പരിശോധിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്നു സിസിടിവിയിലെ 48 മണിക്കൂര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്ന 222 വ്യക്തികളെ കണ്ടെത്തി വിവരങ്ങള്‍ ആരാഞ്ഞു. സ്ഥലത്തുണ്ടായിരുന്ന 4830 ഫിസിക്കല്‍ ഫയലുകളും പരിശോധിച്ചു. കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെട്ട ഫയലുകള്‍ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.