BREAKING NEWSKERALALATESTNEWS

യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം; ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു

കൊച്ചി: ചികിത്സാ സഹായത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ ചാരിറ്റി പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെയാണ് ചോദ്യം ചെയ്തത്. യുവതിയെ ഫോണില്‍ വിളിച്ചെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.പരാതിയുമായി ബന്ധപ്പെട്ട് വര്‍ഷയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. എത്ര പണം ഈ അക്കൗണ്ടില്‍ എത്തിയെന്ന് അപ്പോള്‍ മാത്രമെ വ്യക്തമാകൂ. ആരൊക്കെ പണം അയച്ചെന്നും കണ്ടെത്താനാകും.ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതിനുമാണു ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അമ്മയുടെ ശസ്ത്രക്രിയയ്ക്കായുള്ള തുക കണ്ടെത്താന്‍ സമൂഹമാധ്യമങ്ങളിലൂടെ വര്‍ഷ അഭ്യര്‍ഥന നടത്തിയതിനെത്തുടര്‍ന്ന് ഒന്നേകാല്‍ കോടിയിലേറെ രൂപ സമാഹരിച്ചിരുന്നു. ഇതില്‍ ചികിത്സാ ആവശ്യം കഴിഞ്ഞുള്ള തുക മറ്റ് രോഗികള്‍ക്ക് നല്‍കണമെന്ന് ചാരിറ്റി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പൊലീസിന് സ്റ്റേഷന്‍ വരെയെത്തിയത്.

ജൂണ്‍ 24-നാണ് വര്‍ഷ ഫെയ്‌സ്ബുക്കില്‍ ലൈവിലെത്തയത്. തുടര്‍ന്ന് വര്‍ഷയെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി സാജന്‍ കേച്ചേരിയും രംഗത്തെത്തി. ഇതോടെ നിരവധി പേര്‍ അക്കൗണ്ടിലേക്ക് പണം അയച്ചു. ഇതിനിടെ ജോയിന്റ് അക്കൗണ്ട് വേണമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നാണ് വര്‍ഷ പറയുന്നത്. ഇതിന് തയാറാകാതെ വന്നതോടെ ഭീഷണിപ്പെടുത്താനും അപമാനിക്കാനും തുടങ്ങി. ഭീഷണിപ്പെടുത്തിയെന്ന ആരോപണം വന്നതിന് പിന്നാലെ വര്‍ഷയ്ക്ക് പിന്തുണയുമായി ഫിറോസ് കുന്നംപറമ്പില്‍ രംഗത്തെത്തിയിരുന്നു. വര്‍ഷയെ ഇനി കുറ്റപ്പെടുത്തരുത്, അവളും നമ്മുടെ കുഞ്ഞുപെങ്ങളല്ലേയെന്ന കുറിപ്പോടെയുള്ള വീഡിയോയും ഫിറോസ് പങ്കുവച്ചിരുന്നു.

അമ്മയുടെ ചികിത്സയ്ക്കായി ലഭിച്ച പണം അവര്‍ പറയുന്നവര്‍ക്ക് നല്‍കണമെന്നാണ് ചിലരുടെ ഭീഷണിയെന്ന് വര്‍ഷ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് എറണാകുളം ഡിസിപി ജി പൂങ്കുഴലി വര്‍ഷയുടെ മൊഴിയെടുത്തിരുന്നു.

Related Articles

Back to top button