BREAKING NEWSKERALA

കൊച്ചിയില്‍ വീട്ടുജോലിക്കാരി മരിച്ച സംഭവം: വീട്ടുടമയ്ക്ക് എതിരേ മനുഷ്യക്കടത്തിനും കേസ്, ഇയാള്‍ ഒളിവില്‍

കൊച്ചി: ഫ്‌ലാറ്റിന്റെ ആറാം നിലയില്‍നിന്നു താഴെ വീണു വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ ഫ്‌ലാറ്റുടമ ഇംതിയാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്തിന് കേസെടുത്തു. ഭീഷണിപ്പെടുത്തി അടിമവേല ചെയ്യിച്ചതിനും പുറമേയാണിത്. ഇവരെ അന്യായമായി വീട്ടുതടങ്കലില്‍ വച്ചതിനെതിരെ ഫ്‌ലാറ്റുടമയ്‌ക്കെതിരെ പൊലീസ് നേരത്തേ തന്നെ കേസെടുത്തിരുന്നു. സംഭവത്തില്‍ വനിതാകമ്മിഷന്‍ ഇടപെട്ടതോടെയാണു പുതിയ വകുപ്പു കൂടി ചേര്‍ത്തു പൊലീസ് കേസെടുത്തത്. കൂഡല്ലൂര്‍ പെണ്ണടം സോഴര്‍ നഗറില്‍ രാജകുമാരി (കുമാരി–55) ആണു ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചത്.
പ്രതി ഇംതിയാസ് ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. ഫ്‌ലാറ്റില്‍ നിന്ന് ഇയാള്‍ മാറിയെന്നും ഫോണില്‍ കിട്ടുന്നില്ലെന്നും അന്വേഷണച്ചുമതലയുള്ള സെന്‍ട്രല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.വിജയശങ്കര്‍ പറഞ്ഞു. കുമാരിയുടെ മൃതദേഹം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. തൊഴില്‍വകുപ്പ് ഏര്‍പ്പെടുത്തി നല്‍കിയ ആംബുലന്‍സിലാണു മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയത്. സംസ്‌കാരം ഇന്നു നടത്തുമെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഇതിനിടെ ഫ്‌ലാറ്റില്‍ നിന്നു വീണു മരിച്ച രാജകുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ ഗുരുതര ആരോപണങ്ങളുന്നയിച്ചു. കാഴ്ചയില്ലാത്ത തന്നെ ഫ്‌ലാറ്റുടമയുടെ അടുപ്പക്കാര്‍ വഞ്ചിച്ചുവെന്നും ചില പേപ്പറുകളില്‍ നിര്‍ബന്ധപൂര്‍വം വിരലടയാളം പതിച്ചു വാങ്ങിയെന്നും ശ്രീനിവാസന്‍ പറഞ്ഞു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാം എന്നു വാഗ്ദാനം ചെയ്താണു വിരലടയാളം പേപ്പറുകളില്‍ പതിച്ചു കൊണ്ടുപോയത്. ഫ്‌ലാറ്റുടമയുമായി അടുപ്പമുള്ളയാളെത്തി ആശുപത്രിച്ചെലവും മറ്റു ചെലവുകളും തീര്‍ക്കാമെന്നും മൃതദേഹം നാട്ടിലെത്തിക്കാമെന്നും വാഗ്ദാനം ചെയ്തു. കേസ് കൊടുക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പേപ്പറുകളില്‍ വിരലടയാളം പതിച്ചു വാങ്ങിയ ശേഷം ഫ്‌ലാറ്റുടമയേയോ സഹായം വാഗ്ദാനം ചെയ്തു സമീപിച്ച ആളെയോ കണ്ടിട്ടില്ല– അദ്ദേഹം പറഞ്ഞു.
ഭാര്യയെ ഫ്‌ലാറ്റുടമ വീട്ടുതടങ്കലിലാക്കിയതാണെന്ന ആരോപണം ശ്രീനിവാസന്‍ ആവര്‍ത്തിച്ചു. ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്നാണു ഭാര്യയോടു നാട്ടിലേക്കു മടങ്ങി വരാന്‍ പറഞ്ഞത്. എന്നാല്‍ അഡ്വാന്‍സായി വാങ്ങിയ 10,000 രൂപ നല്‍കാതെ പോകാന്‍ കഴിയില്ലെന്നു വീട്ടുടമസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് ഈ പണം അക്കൗണ്ട് വഴി അയച്ചു നല്‍കി. എന്നാല്‍ പണം ലഭിച്ചിട്ടും ഇവരെ പുറത്തുവിടാന്‍ ഫ്‌ലാറ്റുടമ തയാറായില്ല. സിറ്റി കമ്മിഷണര്‍ക്കു പരാതി നല്‍കുമെന്നും ശ്രീനിവാസന്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ശ്രീനിവാസനും ബന്ധുക്കളും ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ കൊച്ചിയില്‍ നരകയാതന അനുഭവിക്കുകയായിരുന്നുവെന്നു ശിവസേന ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേല്‍ പറഞ്ഞു.
കുമാരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കുമാരിയുടെ സഹോദരന്‍ കടലൂര്‍ സ്വദേശി കൊലഞ്ചി വീരസ്വാമി പരാതി നല്‍കി. ഡിസംബര്‍ 5ന് കുമാരിയുടെ ഭര്‍ത്താവായ ശ്രീനിവാസനെ ഫ്‌ലാറ്റുടമ ഫോണില്‍ വിളിച്ചു കുമാരി അടുക്കള ജനല്‍ വഴി സാരി കെട്ടി താഴേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണു ബോധരഹിതയായെന്ന് അറിയിക്കുകയായിരുന്നുവെന്നു പരാതിയിലുണ്ട്. ആശുപത്രിയിലെത്തിയ ബന്ധുക്കളെ കുമാരിയെ കാണാന്‍ അനുവദിച്ചില്ല. 12ന് കുമാരി മരിച്ച വിവരമാണ് അറിയിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നും പരാതിയില്‍ പറയുന്നു.

Related Articles

Back to top button