BREAKING NEWSKERALALATEST

വടക്കാഞ്ചേരി ഫ്‌ലാറ്റ് വിവാദം: അനില്‍ അക്കര വീണ്ടും കാത്തിരുന്നു, ഫ്‌ലാറ്റ് കിട്ടിയ ആരും വന്നില്ല

തൃശൂര്‍ : വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് വിവാദത്തില്‍ കൊണ്ടും കൊടുത്തും കളി തുടരുന്നു. താന്‍ കാരണം ഫ്‌ലാറ്റ് നഷ്ടപ്പെട്ടുവെന്ന് ആരോപിക്കുന്നവര്‍ക്കു പരിഹാരം വാഗ്ദാനം ചെയ്ത് അനില്‍ അക്കര എംഎല്‍എ വീണ്ടും കാത്തിരുന്നെങ്കിലും ഫ്‌ലാറ്റ് അനുവദിച്ച രേഖയുമായി ആരും എത്തിയില്ല.
140 പേര്‍ക്കു സര്‍ക്കാര്‍ ഫ്‌ലാറ്റ് നല്‍കാനുള്ള സര്‍ക്കാരിന്റെ നടപടി, അനാവശ്യ വിവാദം ഉണ്ടാക്കി അനില്‍ അക്കര എംഎല്‍എ പൊളിച്ചുവെന്ന പ്രചാരണം പലതരത്തിലാണു സിപിഎം കൊഴുപ്പിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് നീതു ജോണ്‍സണ്‍ എന്ന കോളജ് വിദ്യാര്‍ഥിനിയുടെ പേരില്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ച ആവലാതി കത്തായിരുന്നു ആദ്യ ആയുധം.
തനിക്കും അമ്മയ്ക്കും കിട്ടിയ ഫ്‌ലാറ്റ് നഷ്ടപ്പെടുത്തരുതെന്ന കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷയായിരുന്നു നീതുവിന്റെ ഫെയ്‌സ്ബുക് കുറിപ്പ്. നീതു നേരിട്ടു വന്നാല്‍ താന്‍ വീടു നല്‍കാമെന്ന വാഗ്ദാനവുമായി മുന്‍കൂട്ടി വന്‍ പ്രചാരണം നല്‍കിയ ശേഷം അനില്‍ അക്കര വടക്കാഞ്ചേരിയില്‍ 4 മണിക്കൂറോളം റോഡു വക്കില്‍ കാത്തുനിന്നു. നീതു പക്ഷേ എത്തിയില്ല. നീതു വ്യാജ അവതാരമാണെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് അതോടെ ബലമായി. കത്തിന്റെ പേരിലുള്ള പ്രചാരണം സിപിഎം അവസാനിപ്പിക്കുകയും ചെയ്തു.
അനില്‍ വിവാദമുണ്ടാക്കിയതിനാല്‍ ഫ്‌ലാറ്റ് അനുവദിച്ചു കിട്ടിയ 140 കുടുംബങ്ങള്‍ക്കും അതു നഷ്ടപ്പെട്ടുവെന്നായിരുന്നു അടുത്ത പ്രചാരണം. ആര്‍ക്കും ഫ്‌ലാറ്റ് അനുവദിച്ചിട്ടില്ലെന്നും നല്‍കിയ രേഖയുമായി എത്തിയാല്‍ അവര്‍ക്കു വീടുവച്ചു നല്‍കാമെന്നും അനില്‍ പ്രഖ്യാപിച്ചു. അവരെ കാത്ത് വടക്കാഞ്ചേരിയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം 2 മണിക്കൂര്‍ അനില്‍ കാത്തിരിക്കുകയും ചെയ്തു. ഇത്തവണയും ആരും എത്തിയില്ല.
ലൈഫ് മിഷന്‍ ഇതുവരെ ഫ്‌ലാറ്റ് ഉപഭോക്താക്കളെ നിശ്ചയിച്ചിട്ടില്ല, പട്ടികയും തയാറാക്കിയിട്ടില്ല. ആര്‍ക്കും സര്‍ക്കാര്‍ ഫ്‌ലാറ്റ് അനുവദിച്ചില്ലെന്ന അനിലിന്റെ വാദത്തിനു ഇതോടെ ശക്തി കൂടി. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഫ്‌ലാറ്റ് ഇനി എങ്ങനെ അവതരിക്കുമെന്നു കാത്തിരിക്കുകയാണ് മുന്നണികള്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker