ജക്കാര്‍ത്ത: 62പേരുമായി തകര്‍ന്നുവീണ ഇന്‍ഡൊനീഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. ജാവ കടലില്‍നിന്നാണ് വിമാനത്തിന്റെ ഭാഗങ്ങളും അവശിഷ്ടങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.30ന് ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട ശ്രീവിജയ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് ടേക്ക് ഓഫിനു തൊട്ടു പിന്നാലെ റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. ജക്കാര്‍ത്തയില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് തകര്‍ന്നു വീഴുകയുമായിരുന്നു.
12 ജീവനക്കാര്‍ ഉള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഇന്‍ഡൊനീഷ്യന്‍ ഗതാഗതമന്ത്രി ബുഡി കാര്യ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം 56 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത് എന്നും സൂചനകളുണ്ട്.
62 യാത്രക്കാരില്‍ ഏഴുകുട്ടികളും മൂന്ന് ശിശുക്കളും ഉള്‍പ്പെടുന്നു. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലും തുറമുഖത്തും രണ്ട് ക്രൈസിസ് സെന്ററുകള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ രണ്ട് കേന്ദ്രത്തിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി പത്ത് കപ്പലുകള്‍ നിയോഗിച്ചിട്ടുണ്ട്.
വിമാനം തകര്‍ന്നുവീണുവെന്ന് കരുതുന്ന സ്ഥലത്ത് വ്യാപക തിരച്ചില്‍ നടത്തുന്നുണ്ടെന്ന് ഇന്‍ഡൊനീഷ്യന്‍ ഗതാഗതമന്ത്രി ബുഡി കാര്യ സുമാദി മാധ്യമങ്ങളോടു പ്രതികരിച്ചു. ലാന്‍സാങ് ദ്വീപിനും ലാകി ദ്വീപിനും ഇടയില്‍നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ഇന്‍ഡൊനീഷ്യയുടെ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ സംഘം മേധാവി ബാഗസ് പുരോഹിതോ പറഞ്ഞു.
വിമാനം തകരാനുള്ള കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. അതേസമയം തൗസന്റ് ഐലന്‍ഡിനു സമീപത്തെ മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഞങ്ങള്‍ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടു. വെള്ളം വലിയതോതില്‍ ചീറ്റിത്തെറിച്ചതു കണ്ടപ്പോള്‍ ബോംബോ സുനാമിയോ ആണെന്നാണ് കരുതിയത്ഒരു മത്സ്യത്തൊഴിലാളി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോടു പറഞ്ഞു.