BREAKING NEWSLATESTNATIONAL

ഇന്ത്യ- യുകെ വിമാന സര്‍വീസ് പുനരാരംഭിക്കുന്നു; നിയന്ത്രണങ്ങളോടെ

ന്യൂഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം ബ്രിട്ടനില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിര്‍ത്തിവച്ച യുകെയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നു. ജനുവരി എട്ട് മുതല്‍ നിയന്ത്രിതമായ രീതിയില്‍ വിമാന സര്‍വീസുകള്‍ പുനഃരാംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് ഹര്‍ദീപ് സിംഗ് പുരി പുതിയ നിര്‍ദേശങ്ങള്‍ പങ്കുവച്ചത്. ജനുവരി എട്ട് മുതല്‍ ഇന്ത്യയില്‍ നിന്ന് യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും. ജനുവരി 23വരെ ആഴ്ചയില്‍ 15 ഫ്‌ലൈറ്റുകള്‍ മാത്രമേ സര്‍വീസ് നടത്തൂ. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് മാത്രമാകും സര്‍വീസ്. വിമാനങ്ങള്‍ പുറപ്പെടുന്ന സമയക്രമം അടക്കമുള്ള വിവരങ്ങള്‍ വ്യോയാന അതോറിറ്റി പുറത്തുവിടുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
പുതിയ ഇനം കൊറോണ വൈറസ് നിയന്ത്രണാതീതമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.
ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് യാത്രക്കാര്‍ക്കാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചത്. നിലവിലെ നിയന്ത്രണങ്ങള്‍ അനിശ്ചിതകാലത്തേക്കുള്ളതാവുമെന്ന് കരുതുന്നില്ലെന്നും യാത്ര നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ച് അടുത്ത ദിവസങ്ങള്‍ പുതിയ തീരുമാനം ഉണ്ടാകുമെന്നും ഹര്‍ദീപ് സിംഗ് പുരി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

Related Articles

Back to top button