ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ ചെരുപ്പ് വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയ മുംബൈ സ്വദേശിയെ കസ്റ്റമര്‍ സര്‍വീസില്‍ നിന്ന് വിളിക്കുന്നത് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം. അഹ്സന്‍ ഖര്‍ബായ് 2018 മെയ് മാസത്തിലാണ് ഫ്‌ലിപ്പ്കാര്‍ട്ടില്‍ സ്പാര്‍ക്സ് സ്ലിപ്പറുകള്‍ ഓര്‍ഡര്‍ ചെയ്തത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട ഇദ്ദേഹത്തെ flipkart കസ്റ്റമര്‍ കെയര്‍ സര്‍വീസില്‍ നിന്നും വിളിക്കുന്നത് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ (മുമ്പ് ട്വിറ്റര്‍) ഫ്ളിപ്കാര്‍ട്ടുമായുള്ള തന്റെ അസാധാരണ അനുഭവം പങ്കുവെച്ചുകൊണ്ട് അഹ്സന്‍ ഖര്‍ബായ് തന്നെയാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ആറു വര്‍ഷം മുന്‍പ് താന്‍ നടത്തിയ ഓര്‍ഡറിന്റെ സ്‌ക്രീന്‍ഷോട്ടും ഇദ്ദേഹം പങ്കുവെച്ചിരുന്നു.
ആശ്ചര്യകരമെന്നു പറയട്ടെ, അഹ്സന്‍ ഖര്‍ബായ് ഓര്‍ഡര്‍ ചെയ്ത സ്പാര്‍ക്സ് സ്ലിപ്പറുകള്‍ ആറ് വര്‍ഷത്തിന് ശേഷവും ഡെലിവര്‍ ചെയ്തിട്ടില്ല. 6 വര്‍ഷം പഴക്കമുള്ള ഒരു ഓര്‍ഡറിനായി അവര്‍ വിളിച്ചപ്പോള്‍ തനിക്ക് ആശ്ചര്യം തോന്നിയതായിട്ടാണ് അഹ്സന്‍ പറയുന്നത്. താന്‍ ഓര്‍ഡര്‍ ചെയ്ത ചെരിപ്പ് തനിക്ക് കിട്ടിയില്ലെങ്കിലും ഓര്‍ഡര്‍ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം മുതല്‍ തന്നെ ആപ്പില്‍ താങ്കളുടെ ഓര്‍ഡര്‍ ഇന്ന് കിട്ടുമെന്ന് നോട്ടിഫിക്കേഷന്‍ വന്നിരുന്നുവെന്നും അഹ്സന്‍ പറയുന്നു. ആറു വര്‍ഷക്കാലമായി ഇത് ഇങ്ങനെ തുടരുകയായിരുന്നു.
അടുത്തിടെ, കൗതുകത്താല്‍, അഹ്സന്‍ ഖര്‍ബായ് ഓര്‍ഡറില്‍ ക്ലിക്ക് ചെയ്തു, നിമിഷങ്ങള്‍ക്ക് ശേഷം, അദ്ദേഹത്തിന് ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് ഒരു കോള്‍ വന്നു. ഓര്‍ഡറില്‍ എന്ത് പ്രശ്നമാണ് താങ്കള്‍ നേരിടുന്നതെന്ന് ചോദിച്ചു കൊണ്ടായിരുന്നു കോള്‍ വന്നത് എന്നാണ് അദ്ദേഹം പറയുന്നത്. താന്‍ കാര്യം പറഞ്ഞപ്പോള്‍ താങ്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മറുപടി പറഞ്ഞ് കോള്‍ അവസാനിപ്പിച്ചതായും അഹ്സന്‍ കൂട്ടിച്ചേര്‍ത്തു. ക്യാഷ് ഓണ്‍ ഡെലിവറി ആയി ഓര്‍ഡര്‍ ചെയ്തതിനാല്‍ സാധനം വരാത്തതില്‍ തനിക്ക് പ്രത്യേകിച്ച് വിഷമം ഒന്നും തോന്നിയില്ലെന്നും ഇദ്ദേഹം പറയുന്നു.
ജൂണ്‍ 25 -ന് ഷെയര്‍ ചെയ്ത അഹ്സന്‍ ഖര്‍ബായിയുടെ പോസ്റ്റ് ഒരു ലക്ഷത്തിലധികം കണ്ടു. പോസ്റ്റ് വൈറല്‍ ആയതോടെ പലരും സമാനമായ അനുഭവങ്ങള്‍ പങ്കിട്ടുകൊണ്ട് രംഗത്തെത്തി.
1,077 1 minute read