BREAKING NEWSKERALA

പ്രളയത്തിലും കമ്മീഷന്‍: യുഎഇ നല്‍കുന്ന വീടുകള്‍ നിര്‍മ്മിക്കുന്നത് രാഷ്ട്രീയ നേതാവിന്റെ മകന്റെ ബിനാമിയെന്ന് ആരോപണം

കൊച്ചി: യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്ന് 150 വീടുകളുടെ പുനര്‍നിര്‍മാണക്കരാര്‍ ലഭിച്ചത് കേരളത്തിലെ ഉന്നത രാഷ്ട്രീയനേതാവിന്റെ മകന്റെ ബിനാമിക്ക്. തിരുവനന്തപുരത്തെ കാര്‍പാലസ് ഗ്രൂപ്പിനാണ് കരാര്‍ നല്‍കിയത്. ഇതിന്റെ ഉടമ അബ്ദുള്‍ ലത്തീഫ് കേരളത്തിലെ ഉന്നത രാഷ്ട്രീയനേതാവിന്റെ മകന്റെ ബിനാമിയാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. ഈ കരാറില്‍ യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിക്ക് 1.50 കോടി രൂപയും സ്വപ്നാ സുരേഷിന് 52 ലക്ഷം രൂപയും കമ്മിഷന്‍ ലഭിച്ചു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിലാണ് പ്രളയദുരിതാശ്വാസക്കരാറിനെക്കുറിച്ച് പരാമര്‍ശമുള്ളത്. 2018 പ്രളയത്തിനുശേഷം യു.എ.ഇ. 150 വീടുകള്‍ പുനരുദ്ധരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി കോണ്‍സുലേറ്റ് വഴി കരാറുകാരെ കണ്ടെത്തി. തിരുവനന്തപുരത്തെ കാര്‍പാലസ് ഗ്രൂപ്പിലെ അബ്ദുള്‍ ലത്തീഫിനാണ് ഈ കരാര്‍ നല്‍കിയത്. നേരത്തേ കോണ്‍സുലേറ്റുമായി വിസ സ്റ്റാമ്പിങ്ങിന് കാരാറിലേര്‍പ്പെട്ട കമ്പനിയായ യു.എ.എഫ്.എക്‌സിന്റെ ഡയറക്ടറും അബ്ദുള്‍ ലത്തീഫ് ആയിരുന്നു. ഈ പരിചയമാണ് പ്രളയസഹായക്കരാറും ലഭിക്കാന്‍ കാരണം.
സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഏജന്‍സികള്‍ അബ്ദുള്‍ ലത്തീഫ് ബിനാമി ഉടമമാത്രമാണെന്നാണ് സംശയിക്കുന്നത്. ഉന്നത രാഷ്ട്രീയനേതാവിന്റെ മകനും ഇയാളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടന്നുവരുകയാണ്. കോണ്‍സുലേറ്റിലെ ചിലരുമായും രാഷ്ട്രീയനേതാവിന്റെ മകന് ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. സ്വത്തുക്കളിലും അന്വേഷണം നടന്നുവരുകയാണ്.
അബ്ദുള്‍ ലത്തീഫിന്റെ കമ്പനിയായ യു.എ.എഫ്.എക്‌സിന് വീസ സ്റ്റാമ്പിങ് സംബന്ധിച്ച കരാര്‍ നല്‍കിയപ്പോള്‍ കോണ്‍സല്‍ ജനറലിന് 1.20 കോടി രൂപയും സ്വപ്നയ്ക്ക് 26 ലക്ഷം രൂപയും കമ്മിഷന്‍ ലഭിച്ചിട്ടുണ്ട്. അബ്ദുള്‍ ലത്തീഫുമായി കോണ്‍സല്‍ ജനറലിനും കോണ്‍സുലേറ്റിലെ സാമ്പത്തികവിഭാഗം തലവനായ ഖാലിദിനും വ്യക്തിപരമായ ബന്ധമുണ്ടായിരുന്നെന്നും സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button