സ്വന്തമായി ഒരു പൂക്കട തുടങ്ങാന്‍ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച 29 -കാരി ഇപ്പോള്‍ സമ്പാദിക്കുന്നത് മാസം 13 ലക്ഷം രൂപ. ന്യൂയോര്‍ക്ക് സിറ്റിയിലെ കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വിയന്ന ഹിന്റ്‌സെ എന്ന യുവതിയാണ് സ്വന്തമായി ഒരു പൂക്കട തുടങ്ങുക എന്ന ലക്ഷ്യത്തോടെ ജോലി ഉപേക്ഷിച്ചത്. മൂന്നുവര്‍ഷത്തോളം കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്തതിനുശേഷമായിരുന്നു ഹിന്റ്‌സെയുടെ ഈ തീരുമാനം.
ജോലിയില്‍ മടുപ്പ് അനുഭവപ്പെട്ടു തുടങ്ങിയതോടെയാണ് തനിക്ക് ഒരു മാറ്റം വേണമെന്ന തീവ്രമായ ആഗ്രഹം ഹിന്റ്സെയില്‍ അനുഭവപ്പെട്ടു തുടങ്ങിയത്. അങ്ങനെ അവര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പൂക്കളുടെ വിപണനം ലക്ഷ്യമിട്ടുകൊണ്ട് സ്വന്തമായി ഒരു കമ്പനി ആരംഭിച്ചു. ജോലി ഉപേക്ഷിച്ച് പൂക്കച്ചവടം തുടങ്ങിയ ഹിന്റ്‌സെയെ പലരും പരിഹസിച്ചെങ്കിലും ഇന്ന് പരിഹസിച്ചവര്‍ക്കെല്ലാം അസൂയ തോന്നിപ്പിക്കും വിധമുള്ള വളര്‍ച്ചയാണ് യുവതി സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞമാസം 13 ലക്ഷം രൂപയാണ് ഹിന്റ്സെ നേടിയത്.
2017 -ല്‍ സിറാക്കൂസ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം, ന്യൂയോര്‍ക്ക് സിറ്റിയില്‍ പരസ്യ മേഖലയുമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റ് സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. 2020 -ഓടെ, അന്ന് 24 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഹിന്റ്സെ സ്വന്തം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സി ആരംഭിച്ചു. എന്നാല്‍, ജീവിതത്തില്‍ വല്ലാതെ വിരസതയും മടുപ്പും തോന്നിത്തുടങ്ങിയപ്പോള്‍ അവള്‍ ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടി. അവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആളുകളുമായി കൂടുതല്‍ അടുത്തിടപഴകാന്‍ സാധിക്കുന്ന ഒരു ജോലി ചെയ്യുന്നത് തന്റെ മനസ്സിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുമെന്ന് ഹിന്റ്സെ തിരിച്ചറിഞ്ഞത്.
അങ്ങനെ ഒരു പഴയ പിക്കപ്പ് ട്രക്ക് സ്വന്തമാക്കാന്‍ അവള്‍ തീരുമാനിക്കുകയും അത് ഒരു ഫ്‌ലവര്‍ ട്രക്ക് ആക്കി മാറ്റി പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തു. പരസ്യത്തിലെയും സോഷ്യല്‍ മീഡിയയിലെയും മുന്‍കാല പരിചയം പ്രയോജനപ്പെടുത്തി ബിസിനസ്സില്‍ അവള്‍ വളര്‍ച്ച പ്രാപിച്ചു. മറ്റുള്ളവര്‍ക്ക് ഭ്രാന്ത് എന്ന് തോന്നിയാലും സ്വന്തം സ്വപ്നങ്ങളെ നഷ്ടപ്പെടുത്താതെ മുറുകെ പിടിക്കണം എന്ന് കാണിച്ചുതരുന്നതാണ് ഈ 29 -കാരിയുടെ ജീവിതം.