BREAKINGSPORTS

ഷൂട്ടൗട്ടില്‍ ബ്രസീല്‍ വീണു; മഞ്ഞപ്പടയെ കരയിച്ച് യുറഗ്വായ് സെമിയില്‍

ലാസ് വെഗാസ്: കോപ്പ അമേരിക്ക ഫുട്ബോളില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മൂന്നാമത്തെയും ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീലിനെ തകര്‍ത്ത് യുറഗ്വായ് സെമിയില്‍. 4-2 എന്ന സ്‌കോറിനായിരുന്നു ഷൂട്ടൗട്ടില്‍ യുറഗ്വായുടെ വിജയം. നിശ്ചിത സമയത്ത് മത്സരം ഗോള്‍രഹിത സമനിലയിലായതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ കൊളംബിയയാണ് യുറഗ്വായുടെ എതിരാളികള്‍.
യുറഗ്വായ്ക്കായി ഫെഡറിക്കോ വാല്‍വെര്‍ദെ, റോഡ്രിഗോ ബെന്റാന്‍കര്‍, ജോര്‍ജിയന്‍ ഡി അരാസ്‌കെറ്റ, മാനുവല്‍ ഉഗാര്‍ത്തെ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ജോസ് മരിയ ഗിമെനെസിന്റെ കിക്ക് ബ്രസീല്‍ ഗോളി ആലിസന്‍ തടുത്തിട്ടെങ്കിലും കാര്യമുണ്ടായില്ല.
ബ്രസീലിനായി ആദ്യ കിക്കെടുത്ത എഡെര്‍ മിലിറ്റാവോയ്ക്ക് തന്നെ പിഴച്ചു. താരത്തിന്റെ ഷോട്ട് യുറഗ്വായ് ഗോളി സെര്‍ജിയോ റോച്ചെറ്റ് തട്ടിയകറ്റി. പിന്നാലെ കിക്കെടുത്ത ആന്‍ഡ്രേസ് പെരെയ്ര പന്ത് വലയിലാക്കിയെങ്കിലും മൂന്നാം കിക്കെടുത്ത ഡഗ്ലസ് ലൂയിസിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതോടെ മഞ്ഞപ്പടയ്ക്ക് കാര്യങ്ങള്‍ കടുപ്പമായി. അടുത്ത കിക്ക് ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വലയിലാക്കിയെങ്കിലും യുറഗ്വായുടെ അഞ്ചാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഉഗാര്‍ത്തെ ടീമിനെ സെമിയിലേക്ക് നയിച്ചു.
കളിയിലുടനീളം ബ്രസീലിനെ മസില്‍ പവറുകൊണ്ടുകൂടി നേരിടുകയായിരുന്നു യുറഗ്വായ്. ഇതോടെ പലപ്പോഴും ആദ്യ പകുതിയില്‍ കളി പരുക്കനായി. 26 ഫൗളുകളാണ് മത്സരത്തില്‍ യുറഗ്വായ് വരുത്തിയത്. ഒരു ചുവപ്പു കാര്‍ഡും കണ്ടു.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മഞ്ഞ കണ്ട് സസ്പെന്‍ഷനിലുള്ള വിനീഷ്യസ് ജൂനിയറിന് പകരം യുവതാരം എന്‍ഡ്രിക്കിനെ ഇറക്കിയാണ് ബ്രസീല്‍ ക്വാര്‍ട്ടറിനിറങ്ങിയത്. തുടക്കം മുതല്‍ ഇരു ഭാഗത്തുനിന്നും മുന്നേറ്റങ്ങള്‍ പലതും ഉണ്ടായെങ്കിലും ഒന്നും തന്നെ ഫൈനല്‍ തേര്‍ഡ് കടന്നില്ല.
28-ാം മിനിറ്റില്‍ ബ്രസീലിന് മുന്നിലെത്താന്‍ മികച്ച അവസരങ്ങളിലൊന്ന് ലഭിച്ചു. യുറഗ്വായ് താരത്തിന്റെ പിഴവില്‍ നിന്ന് പന്ത് ലഭിച്ച എന്‍ഡ്രിക് പക്ഷേ നേരിട്ട് ഷോട്ട് എടുക്കുന്നതിന് പകരം റഫീന്യയ്ക്ക് പാസ് ചെയ്യാന്‍ ശ്രമിച്ചത് ടീമിന് തിരിച്ചടിയായി. കൃത്യസമയത്ത് യുറഗ്വായ് പ്രതിരോധത്തിന്റെ ഇടപെടലെത്തി.
ഇതിനിടെ 33-ാം മിനിറ്റില്‍ സെന്റര്‍ ബാക്ക് റൊണാള്‍ഡ് അരോഹോ പരിക്കേറ്റ് മടങ്ങിയത് യുറഗ്വായ്ക്ക് തിരിച്ചടിയായി. എന്നാല്‍ കളംപിടിച്ച യുറഗ്വായ് മാക്സിമിലിയാനോ അരാഹോ, നിക്കോളാസ് ഡെലക്രൂസ്, ഫകുണ്‍ഡോ പെല്ലിസ്ട്രി, ഫെഡെറിക്കോ വാല്‍വെര്‍ദെ, ഡാര്‍വിന്‍ ന്യൂനെസ് എന്നിവരിലൂടെ തുടര്‍ച്ചയായി ബ്രസീല്‍ ഗോള്‍മുഖം ആക്രമിച്ചു. തുടക്കത്തില്‍ ബ്രസീലിന്റെ വിങ്ങര്‍മാരായ റോഡ്രിഗോയേയും റഫീന്യയേയും കൃത്യമായി പൂട്ടിയ യുറഗ്വായ്, ബ്രസീല്‍ ആക്രമണങ്ങളുടെ മുനയൊടിച്ചു.
35-ാം മിനിറ്റില്‍ മത്സരം ചൂടുപിടിച്ച രണ്ട് നിമിഷങ്ങള്‍ പിറന്നു. ബ്രസീല്‍ ബോക്സിലേക്ക് വന്ന ക്രോസ് അനായാസം വലയിലെത്തിക്കാനുള്ള അവസരം ന്യൂനെസ് നഷ്ടപ്പെടുത്തി. പിന്നാലെയെത്തിയ ബ്രസീല്‍ മുന്നേറ്റം ഗോളില്‍ കലാശിക്കേണ്ടതായിരുന്നു. പന്തുമായി ഓടിക്കയറിയ റഫീന്യയ്ക്ക് പക്ഷേ യുറഗ്വായ് ഗോളി സെര്‍ജിയോ റോച്ചെറ്റിനെ മറികടക്കാനായില്ല. റഫീന്യയുടെ ഷോട്ട് തടുത്തിട്ടു.
രണ്ടാം പകുതിയിലും തുടര്‍ച്ചയായി യുറഗ്വായ്, ബ്രസീല്‍ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നെങ്കിലും ഗോളൊന്നും വന്നില്ല. യുറഗ്വായുടെ കടുത്ത മാര്‍ക്കിങ് മറികടന്ന് റഫീന്യയ്ക്ക് മാത്രമാണ് പലപ്പോഴും മുന്നേറ്റം സാധ്യമായത്.
ഇതിനിടെ റോഡ്രിഗോയ്ക്കെതിരായ ഗുരുതര ഫൗളിന് നഹിറ്റാന്‍ നാന്‍ഡെസ് 74-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ യുറഗ്വായ് 10 പേരായി ചുരുങ്ങി. വാര്‍ പരിശോധനയ്ക്ക് ശേഷമായിരുന്നു റഫറിയുടെ തീരുമാനം. ഈ ആനുകൂല്യം മുതലെടുക്കാന്‍ ബ്രസീല്‍ ഏതാനും മാറ്റങ്ങള്‍കൂടി വരുത്തി മുന്നേറ്റങ്ങള്‍ ശക്തമാക്കിയെങ്കിലും ഫിനിഷിങ് പലപ്പോഴും പിഴച്ചു. കളിയുടെ അവസാന മിനിറ്റുകളില്‍ ബ്രസീല്‍ ആക്രമണങ്ങളെ സകല കരുത്തും ഉപയോഗിച്ച് പ്രതിരോധിച്ച യുറഗ്വായ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു.

Related Articles

Back to top button