BREAKING NEWSKERALA

പരിസ്ഥിതിലോലപ്രദേശം: ജനവാസമേഖലകളില്‍ വനംതന്നെ അതിര്‍ത്തി

തിരുവനന്തപുരം: വനാതിര്‍ത്തിക്കും വന്യജീവിസങ്കേതങ്ങള്‍ക്കുംചുറ്റും പരിസ്ഥിതിലോലപ്രദേശം നിശ്ചയിക്കുന്നതിനുള്ള ഭേദഗതിനിര്‍ദേശം വ്യാഴാഴ്ചയോടെ സംസ്ഥാനം കേന്ദ്ര വനംമന്ത്രാലയത്തിന് നല്‍കും. വനാതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍വരെ പരിസ്ഥിതിലോല പ്രദേശമായി നിശ്ചയിക്കുമെങ്കിലും ജനവാസമേഖലകളെ ഒഴിവാക്കിയുള്ള നിര്‍ദേശമാകും സംസ്ഥാനം നല്‍കുക. ഇതിനായി വന്യജീവിസങ്കേതങ്ങളുടെയും മറ്റും ഭൂപടം പുനഃപരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതോദ്യോഗസ്ഥര്‍ക്ക് വനംമന്ത്രി കെ. രാജു നിര്‍ദേശം നല്‍കി.
വനാതിര്‍ത്തിയില്‍നിന്ന് പൂജ്യംമുതല്‍ ഒരുകിലോമീറ്റര്‍വരെ എന്നതുതന്നെയാണ് സംസ്ഥാനതീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. വനത്തോടുചേര്‍ന്ന് കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങള്‍, വനംവകുപ്പിന്റെതന്നെ തോട്ടങ്ങള്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടങ്ങള്‍ തുടങ്ങിയവ ഈ ഒരുകിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതിലോലപ്രദേശമായി നിശ്ചയിക്കാനാകും. ടൗണ്‍ഷിപ്പ്, ഒരു ഹെക്ടറില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വീടുകള്‍, പൊതുസ്ഥാപനങ്ങള്‍ തുടങ്ങിയവയുണ്ടെങ്കില്‍ അത്തരം സ്ഥലങ്ങള്‍ ഒഴിവാക്കും. അവിടങ്ങളില്‍ അരക്കിലോമീറ്ററെങ്കിലും വേര്‍തിരിക്കാനുണ്ടെങ്കില്‍ അതിനുള്ള നിര്‍ദേശം സമര്‍പ്പിക്കാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
വനംവകുപ്പ് തയ്യാറാക്കുന്ന നിര്‍ദേശം മുഖ്യമന്ത്രിയുടെ അനുമതിയോടെ നേരത്തേ നല്‍കിയ നിര്‍ദേശത്തിന്റെ ഭേദഗതിയായി കേന്ദ്രത്തിന് സമര്‍പ്പിക്കും. മലബാര്‍ മേഖലയില്‍ അഞ്ചിനകം ഭേദഗതിനിര്‍ദേശം സമര്‍പ്പിക്കണമെന്നാണ് കേന്ദ്രനിര്‍ദേശം.

Related Articles

Back to top button