BREAKINGINTERNATIONAL

ഫ്രാന്‍സില്‍ ഇടതുസഖ്യത്തിന് മുന്നേറ്റം; കൂട്ടുകക്ഷി സര്‍ക്കാരിന് സാധ്യത

പാരീസ്: ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയിലേക്ക് ഞായറാഴ്ച നടന്ന രണ്ടാംവട്ട വോട്ടെടുപ്പില്‍ തീവ്രവലതുകളെ പിറകിലാക്കി ഇടതുസഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം. എക്‌സിറ്റ് പോളുകള്‍ പ്രകാരം കൂടുതല്‍ സീറ്റുകളില്‍ ഇടതുസഖ്യമായ ന്യൂപോപ്പുലര്‍ ഫ്രണ്ട്(എന്‍.പി.എഫ്.)് മുന്നേറി. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ റിനെയ്‌സെന്‍സ് പാര്‍ട്ടി രണ്ടാമതും മാരിന്‍ ലെ പെന്നിന്റെ തീവ്രവലതുപാര്‍ട്ടിയായ നാഷണല്‍ റാലി(ആര്‍.എന്‍.) മൂന്നാമതുമായി.
എന്നാല്‍, 577 അംഗ നാഷണല്‍ അസംബ്ലിയിലെ കേവലഭൂരിപക്ഷമായ 289 സീറ്റ് ആര്‍ക്കുമില്ല. ഫ്രഞ്ച് വാര്‍ത്താചാനലായ ടി.എഫ്.-1 ഇടതുസഖ്യത്തിന് 180-215 സീറ്റുകളാണ് പ്രവചിച്ചത്. ഫ്രാന്‍സ് ടി.വി. 172-215 സീറ്റും. കഴിഞ്ഞമാസം പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തേയാക്കുകയാണെന്ന് പ്രസിഡന്റ് മക്രോണ്‍ പ്രഖ്യാപിച്ചതിനുശേഷം ചെറുസോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, ഗ്രീന്‍പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവര്‍ചേര്‍ന്നു രൂപവത്കരിച്ച സഖ്യമാണ് എന്‍.പി.എഫ്.
ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ ഫ്രാന്‍സ് കൂട്ടുകക്ഷി സര്‍ക്കാരിലേക്കുനീങ്ങുമെന്നാണ് വിലയിരുത്തലുകള്‍. നാറ്റോ ഉച്ചകോടിക്ക് രണ്ടുദിവസം മുന്‍പും പാരിസ് ഒളിമ്പിക്സിന് ആഴ്ചകള്‍ ശേഷിക്കുമ്പോഴുമാണ് ഫ്രാന്‍സ് രാഷ്ട്രീയ അസ്ഥിരതയിലേക്ക് നീങ്ങുന്നത്. എന്നാല്‍, സര്‍ക്കാരുണ്ടാക്കാന്‍ സന്നദ്ധമാണെന്നും പ്രധാനമന്ത്രി ഗബ്രിയേല്‍ അറ്റാല്‍ രാജിവെക്കണമെന്നും ഇടതുസഖ്യത്തിന്റെ നേതാവ് ജീന്‍ ലൂക് മെലെഞ്ചോണ്‍ ആവശ്യപ്പെട്ടു.
ജൂണ്‍ 30-ന് നടന്ന ആദ്യവട്ട വോട്ടെടുപ്പില്‍ 33.15 ശതമാനം വോട്ടുനേടി മരീന്‍ ലെ പെന്നിന്റെ ആര്‍.എന്‍. പാര്‍ട്ടിയായിരുന്നു ഒന്നാമത്. അതിലൂടെ ആര്‍.എന്നിന്റെ 39 സ്ഥാനാര്‍ഥികള്‍ എം.പി.സ്ഥാനം ഉറപ്പിച്ചിരുന്നു. ഇതേനേട്ടം രണ്ടാംവട്ടത്തിലും ആവര്‍ത്തിക്കുമെന്ന അഭിപ്രായസര്‍വേകളെ അസ്ഥാനത്താക്കിയാണ് ഇടതുസഖ്യത്തിന്റെ കുതിപ്പ്. ആര്‍.എന്‍. വന്‍ജയം നേടുന്നത് ഒഴിവാക്കാന്‍ രണ്ടാംവട്ടത്തിനുമുമ്പ് മധ്യ, ഇടതുചേരികളിലെ ഇരുനൂറിലേറെ സ്ഥാനാര്‍ഥികള്‍ തന്ത്രപരമായ സഖ്യമുണ്ടാക്കിയിരുന്നു.
പുതിയസര്‍ക്കാര്‍ അധികാരത്തില്‍വന്നാലും മക്രോണിന് പ്രസിഡന്റ് സ്ഥാനത്ത് 2027 വരെ തുടരാം.
ആദ്യവട്ടത്തില്‍ ആകെ പോളിങ് 25 ശതമാനത്തില്‍താഴെയുള്ളതും വിജയിക്ക് 50 ശതമാനമെങ്കിലും വോട്ടുകിട്ടാത്തതുമായ മണ്ഡലത്തിലായിരുന്നു രണ്ടാംവട്ട വോട്ടെടുപ്പ്. 59.71 ശതമാനമാണ് പോളിങ്.

Related Articles

Back to top button