മുംബൈ: യുവതികളെ അശ്ലീല വിഡിയോ ചെയ്യാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് നടിയും മോഡലുമായ ഗെഹന വസിഷ്ഠ് അറസ്റ്റില്‍. ഒരാഴ്ച മുന്‍പു റജിസ്റ്റര്‍ ചെയ്ത കേസിലാണ് മുംബൈ ക്രൈംബ്രാഞ്ച് നടിയെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഇതുവരെ ആറു പേര് പിടിയിലായി. നടിയുടെ ഉടമസ്ഥതയിലുള്ള വെബ്സൈറ്റിലും മറ്റു അശ്ലീല വെബ്സൈറ്റുകള്‍ക്കുമായി പോണ് വിഡിയോകള്‍ ചിത്രീകരിച്ച് അപ്ലോഡ് ചെയ്തതിനാണ് അറസ്റ്റെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഗെഹന, പോണ് വിഡിയോകള്‍ സംവിധാനം ചെയ്യുകയും ചില വിഡിയോകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നതായും അവര്‍ പറഞ്ഞു. 2012ലെ മിസ് ഏഷ്യ ബിക്കിനി മത്സരത്തില്‍ ജേതാവായ ഗെഹന വസിഷ്ഠിന്റെ യഥാര്‍ഥ പേര് വന്ദന തിവാരി എന്നാണ്. സ്റ്റാര്‍ പ്ലസിലെ ടിവി ഷോയായ ബെഹെയ്നില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗെഹനയാണ്. ഒടിടി പ്ലാറ്റ്ഫോമായ ആള്‍ട്ട് ബാലാജിയിലെ ഗന്ധി ബാദ് എന്ന വെബ്സീരിസിലും സുപ്രധാന വേഷം ചെയ്തു. ലഖ്നോയി ഇഷ്ക്, ദാല്‍ മെന്‍ കുച്ച് കാലാ ഹയ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സംഭവത്തില്‍ മറ്റു മോഡലുകളുടേയും നിര്‍മാണ കമ്പനികളുടേയും പങ്ക് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. മുംബൈയിലെ മാധ് പ്രദേശത്തെ ബംഗ്ലാവില്‍ കഴിഞ്ഞ ആഴ്ച ആദ്യം പൊലീസ് നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ അശ്ലീല വിഡിയോ ചിത്രീകരിക്കുന്നത് പിടികൂടിയിരുന്നു. ഇവിടെനിന്ന് ഒരു സ്ത്രീ ഉള്‍പ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു.
അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളുടെയും ഒടിടി പ്ലാറ്റ്ഫോമുകളുടേയും വന്‍ വര്‍ധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നതെന്ന് മുംബൈ പൊലീസ് പറഞ്ഞു. വെബ്സീരീസില്‍ അഭിനയിക്കുന്നതിന് എന്ന് വ്യജേന പെണ്‍കുട്ടികളെ കൊണ്ടുവരുകയും അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നിരവധി ആപ്പുകളും വെബ് പോര്‍ട്ടലുകളും അവരുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമില്‍ സെമി– അശ്ലീല വിഡിയോകള്‍ കാണുന്നതിന് സബ്സ്ക്രിപ്ഷന് ഈടാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പരസ്യം നല്‍കുകയും ചെയ്യുന്നുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യതയുണ്ടെന്നും അവര്‍ അറിയിച്ചു.