ബ്രിട്ടന്: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ മുഖം ആലേഖനം ചെയ്ത നാണയം പുറത്തിറക്കാന്‍ തീരുമാനിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. ബ്രിട്ടീഷ് കറന്‍സിയില്‍ മുഖം ആലേഖനം ചെയ്യപ്പെടുന്ന വെളുത്ത വര്‍ഗക്കാരനല്ലാത്ത ആദ്യത്തെ വ്യക്തിയായിരിക്കും മഹാത്മാ ഗാന്ധി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നായകനെ ഓര്‍മ്മിക്കുന്നതിനായി ഒരു നാണയം പുറത്തിറക്കാന്‍ റോയല്‍ മിന്റ് അഡ്വൈസറി കമ്മറ്റി നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കറുത്ത വര്‍ഗക്കാരുടെയും മറ്റ് ന്യൂനപക്ഷവിഭാഗങ്ങളുടെയും ഏഷ്യന്‍ വംശജരുടെയും സംഭാവനകള്‍ അംഗീകരിക്കുന്ന കാര്യത്തില്‍ താത്പര്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഈ തീരുമാനം.
വംശീയന്യൂനപക്ഷ വ്യക്തിത്വങ്ങളെ നാണയങ്ങളിലൂടെ ആദരിക്കാന്‍ ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനക് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വ്യക്തിത്വങ്ങളെ ആദരിക്കാന്‍ റോയല്‍ മിന്റ് ഉപദേശക സമിതിയോട് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടതായി യുകെ ട്രഷറിയില്‍ നിന്നുള്ള ഇമെയില്‍ പ്രസ്താവനയില്‍ പറയുന്നു. കറുത്ത വര്‍ഗക്കാരും ഏഷ്യന്‍ വംശജരും മറ്റ് ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുളള നിരവധി വ്യക്തികള്‍ ലോകചരിത്രത്തില്‍ നിരവധി സംഭാവനകള്‍ നല്കിയവരാണെന്നും നാണയ നിര്‍മ്മിതിയില്‍ അവരെയും കൂടി പരിഗണിക്കണമെന്നും സുനാക് കത്തില്‍ പറയുന്നു.
ഗാന്ധിയുടെ മുഖമുള്ള നാണയം പുറത്തിറക്കാന്‍ തീരുമാനിച്ചതായി യുകെ ട്രഷറി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസാ ദിനമായിട്ടാണ് ആചരിക്കുന്നത്.