‘ഗഗനചാരി’ എന്ന ചിത്രം കണ്ടതിനുശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്ന് നടനും സംസ്ഥാന ഗതാഗതമന്ത്രിയുമായ കെ.ബി. ഗണേഷ് കുമാര്‍. സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ഗണേഷ് ഇക്കാര്യം അറിയിച്ചത്. ‘നീ പടത്തില്‍ നന്നായിട്ടുണ്ട്’ എന്ന് ഫോണ്‍ വിളിച്ച് സുരേഷ് ഗോപി പറഞ്ഞുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
അത് സന്തോഷമുള്ള കാര്യമാണ്. ഒരു പടം ചെയ്യുമ്പോള്‍ അതിന് അഭിനന്ദനം കിട്ടുകയെന്നത് ഒരു കലാകാരനെന്ന നിലയില്‍ വളരെ താത്പര്യമുള്ള കാര്യമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഏറെ സന്തോഷത്തോടെയാണ് സുരേഷ് ഗോപി വിളിച്ച കാര്യം ഗണേഷ് അറിയിച്ചത്.
അരുണ്‍ ചന്തു സംവിധാനം ചെയ്ത ‘ഗഗനചാരി’ ജൂണ്‍ 21-നാണ് തിയേറ്ററുകളില്‍ എത്തിയത്. ഒരു ഡിസ്ടോപ്പിയന്‍ ഏലിയന്‍ ചിത്രമായ ‘ഗഗനചാരി’ക്ക് തിയേറ്ററുകളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. മികച്ച ചിത്രം, മികച്ച വിഷ്വല്‍ ഇഫക്ട്‌സ് എന്ന വിഭാഗങ്ങളില്‍ ന്യൂയോര്‍ക്ക് ഫിലിം അവാര്‍ഡ്സ്, ലോസ് ആഞ്ജലിസ് ഫിലിം അവാര്‍ഡ്സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ‘ഗഗനചാരി’ പ്രദര്‍ശിപ്പിച്ചിരുന്നു.
‘സായാഹ്നവാര്‍ത്തകള്‍’, ‘സാജന്‍ ബേക്കറി’ എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ നിര്‍മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ്. ‘ആവാസവ്യൂഹം’, ‘പുരുഷപ്രേതം’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗഗനചാരി’യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്. ‘സണ്ണി’ ‘4 ഇയേഴ്സ്’, ‘ജയ് ഗണേഷ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ശങ്കര്‍ ശര്‍മ സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’.
1,130 1 minute read