BREAKINGINTERNATIONAL

പ്രായം 70 മുകളില്‍; ജപ്പാനില്‍ ‘മുത്തച്ഛന്‍ ഗ്യാങ്’ -നെ അറസ്റ്റ് ചെയ്യുമ്പോള്‍ നടക്കാന്‍ പരസഹായം വേണം

ഹോളിവുഡ് സിനിമാ തിരക്കഥയെ പോലും വെല്ലുന്ന ഒരു മോഷണ പരമ്പരയാണ് ജപ്പാനില്‍ നിന്നും പുറത്ത് വരുന്നത്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മോഷ്ടാക്കളുടെ പ്രായത്തെ അടിസ്ഥാനമാക്കി വ്യത്യസ്തമായ പല കഥകളും പ്രരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജയിലില്‍ വച്ച് കണ്ടുമുട്ടിയ മൂന്ന് പേര്‍ ചേര്‍ന്ന് രൂപീകരിച്ച മോഷണ സംഘമായിരുന്നു അത്. മൂന്ന് പേര്‍ക്കും പ്രായം 70 വയസിന് മുകളില്‍. അതിനാല്‍ തന്നെ ഈ മോഷണ സംഘം ഇന്ന് ജപ്പാനില്‍ അറിയപ്പെടുന്നത് ‘മുത്തച്ഛന്‍ ഗ്രാങ്’ (Grandpa Gang) എന്നാണ്.

‘G3S’ എന്നാണ് പോലീസ് റെക്കോര്‍ഡുകളില്‍ ഇവരെ വിശേഷിപ്പിക്കുന്നതെന്ന് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 227 വയസ്സുള്ള മൂന്ന് വൃദ്ധരായ പുരുഷന്മാര്‍ ജപ്പാനില്‍ കുറ്റകൃത്യങ്ങളുടെ മുഖമായി മാറിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെട്ടത്. ഹിഡിയോ ഉമിനോ (88), ഹിഡെമി മത്സുഡ (70), കെനിച്ചി വാടാനബെ (69) എന്നിവരാണ് ആ കുറ്റവാളി സംഘത്തിലെ അംഗങ്ങള്‍. മൂന്ന് പേരുടെയും പ്രായം തമ്മില്‍ കൂട്ടിയാല്‍ ലഭിക്കുന്ന സംഖ്യയാണ് 227. മൂന്ന് പേരും പല കുറ്റങ്ങള്‍ക്ക് ശിക്ഷ ലഭിച്ച് ഒരു ജയിലില്‍ കഴിയുമ്പോഴാണ് പരസ്പരം പരിചയപ്പെടുന്നത്. ജയില്‍ വച്ച് തന്നെ മൂവരും തങ്ങളുടെ കുറ്റവാളി സംഘം രൂപികരിച്ചു.

ശിക്ഷ കഴിഞ്ഞ ജയില്‍ മോചിതരായ മൂന്ന് പേരും തങ്ങളുടെ മോഷണങ്ങള്‍ക്കായി ലക്ഷ്യം വച്ചത് ആളൊഴിഞ്ഞ വീടുകള്‍. കഴിഞ്ഞ മെയ് മാസത്തില്‍ ജപ്പാനിലെ ഹോക്കൈഡോയുടെ തലസ്ഥാനമായ സപ്പോറോയിലെ ആളൊഴിഞ്ഞ വീട്ടില്‍ സംഘം അതിക്രമിച്ചു കയറി. അവിടെ നിന്നും 200 യെന്‍ (110 രൂപ), മൂന്ന് കുപ്പി വിസ്‌കിയും അടക്കം മൊത്തം 10,000 യെന്റെ (5,458 രൂപ) മോഷണം മാത്രമാണ് നടത്താന്‍ കഴിഞ്ഞത്. പക്ഷേ, ആദ്യ ശ്രമം നല്‍കിയ നിരാശയില്‍ മുത്തച്ഛന്‍ സംഘം തളര്‍ന്നില്ല. അവര്‍ മറ്റൊരു വീട് ലക്ഷ്യം വച്ചു. ഇത്തവണയും അതെ പ്രദേശത്തെ ആളൊഴിഞ്ഞ മറ്റൊരു വീട്ടിലാണ് മൂവരും മോഷ്ടിക്കാനായി കയറിയത്. ഇത്തവണ ഏതാണ്ട് ഒരു മില്യണ്‍ യെന്‍ (5,45,800 രൂപ) വിലമതിക്കുന്ന 24 ആഭരണങ്ങള്‍ അവര്‍ മോഷ്ടിച്ചു. ഇതോടെ മുത്തച്ഛന്‍ സംഘത്തെ കുറിച്ചുള്ള പൊടിപ്പും തൊങ്ങളും വച്ച കഥകള്‍ പ്രദേശത്ത് വ്യാപകമായി പ്രചരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്യുമ്പോഴാണ് മൂന്ന് പേര്‍ക്കും നടക്കാന്‍ പരസഹായം ആവശ്യമാണെന്ന് വ്യക്തമായത്. ഈ മുത്തച്ഛന്‍ ഗ്യാങിന് ‘ G3S’എന്ന കോഡ് പോലീസ് നല്‍കിയതിന് പിന്നാലെ ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ സെന്‍സേഷനായി മാറി. സംഘത്തിലെ മൂതിര്‍ന്ന അംഗമായ ഉമിനോയ്ക്കാണ് മോഷണത്തിന്റെ ചുമതലയെന്നും മാറ്റ്‌സുഡ മൂവര്‍ക്കും രക്ഷപ്പെടാനുള്ള ഡ്രൈവറായും ഏറ്റവും ഇളയവനായ വതനാബെ മോഷ്ടിക്കപ്പെട്ട സ്വത്ത് കൈകാര്യം ചെയ്യുകയും ചെയ്‌തെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രണ്ടാമത്തെ വീട്ടിലെ മോഷണമാണ് മൂവരെയും കുടുക്കിയത്. അവിടുത്തെ സിസിടിവി പരിശോധിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ വിറ്റ ചില ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. ഉപജീവനത്തിനായാണ് അവര്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതെന്ന് പോലീസിനെ അറിയിച്ചു. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ അനുപാതം 1989 ലെ 2.1 ശതമാനത്തില്‍ നിന്ന് 2019 ല്‍ 22 ശതമാനമായി ഉയര്‍ന്നെന്ന് പോലീസിന്റെ കണക്കുകള്‍ തന്നെ വക്തമാക്കുന്നു. ഏകാന്തതയും ദാരിദ്ര്യവുമാണ് ഈ പ്രവണതയ്ക്ക് പിന്നിലെ രണ്ട് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ 125 ദശലക്ഷം ജനസംഖ്യയില്‍ 29.1 ശതമാനം പേര്‍ 65 വയസ്സിന് മുകളിലുള്ളവരാണ്. പത്തില്‍ ഒരാള്‍ 80 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button