BREAKING NEWSKERALAPATHANAMTHITTA

84 ാം വയസിലും നിയോഗം പോലെ അയ്യപ്പന്റെ തിരുവാഭരണപ്പെട്ടി ശിരസിലേന്തി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള


പ്രസാദ് മൂക്കന്നൂര്‍

പത്തനംതിട്ട: എണ്‍പത്തിനാലാം വയസിലും അയ്യപ്പന്റെ തിരുവാഭരണപ്പെട്ടി ശിരസിലേന്തുന്നതിന് തയ്യാറായി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള .ആറുപതിറ്റാണ്ടോളം ശബരിമല അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ ശിരസിലേറ്റിയതിന്റെ ധന്യതയിലാണ് ഈ ഗുരുസ്വാമി.
ഇരുപതാം വയസു മുതല്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി നാടും കാടും കാല്‍നടയായി താണ്ടുകയാണ് ഇദ്ദേഹം .ഇത്തവണയും മകരവിളക്കിന് ശബരിമലയില്‍ ചാര്‍ത്തുന്നതിന് ജനുവരി 12 ന് പന്തളത്ത് നിന്നും കൊണ്ടു പോകുന്ന തിരുവാഭരണങ്ങള്‍ അടങ്ങിയ പെട്ടി’ ശിരസിലേന്തുന്നത് ഇദ്ദേഹമാണ് .
വ്രതശുദ്ധിയുടെ കണിശതയും അയ്യപ്പ സ്വാമിയുടെ അനുഗ്രഹവുമാണ് ജീവിത സായന്തനത്തിലും നാലുപറ നെല്ലിന്റെ ഭാരംവരുന്ന തിരുവാഭരണപ്പെട്ടി ശിരസിലേന്താന്‍ തനിക്ക് കരുത്തുതരുന്നതെന്ന് ഗംഗാധരന്‍ പിള്ള സാക്ഷ്യപ്പെടുത്തുന്നു. വിഷ്ണുമായയില്‍ ശിവന്റെ പുത്രനായി പമ്പാതീരത്ത് പിറന്ന മണ്കണ്ഠനെ പന്തളരാജാവ് എടുത്തു വളര്‍ത്തിയതും കൊട്ടാരത്തില്‍ വളര്‍ന്ന മണികണ്ഠന്‍ അയ്യപ്പനായി മാറി ശബരിമലയിലെ ധര്‍മ്മശാസ്താവിഗ്രഹത്തില്‍ വിലയം പ്രാപിച്ചതും ഐതീഹ്യം .വളര്‍ത്തുമകനെ കാണാന്‍ നോവിന്റെ കാടുതാണ്ടിയെത്തിയ രാജാവിനെ മടക്കി അയക്കുമ്പോള്‍ അയ്യപ്പന്‍ ഒരേയൊരു ആവശ്യമേ അറിയിച്ചുള്ളത്രേ, ആണ്ടുതോറും തന്നെക്കാണാന്‍ വരണമെന്ന്.
ആ യാത്രക്കു മുന്നോടിയായി തന്റെ മകനണിയുന്നതിനുള്ള ആഭരണങ്ങള്‍ രാജാവ് പണികഴിപ്പിച്ചു. ഈ ആഭരണങ്ങളുമായി മകരവിളക്കിന് രണ്ടുനാള്‍ മുമ്പ് പന്തളത്തു നിന്ന് പോയിത്തുടങ്ങിയെന്നതും വിശ്വാസം. ഇതാണ് പിന്നീട് പ്രസിദ്ധമായ തിരുവാഭരണഘോഷയാത്രയായി മാറിയത്. അക്കഥ അനുസ്മരിപ്പിക്കും വിധം പന്തളം രാജപ്രതിനിധിയും യാത്രയെ അനുഗമിക്കുന്നുണ്ട്. ഈ വിശ്വാസത്തിന്റെ കണ്ണിയാകാന്‍ യൗവനത്തില്‍ തന്നെ സാധിച്ചയാളാണ് ഗംഗാധരന്‍ പിള്ള.
നിറഞ്ഞ കാനനപാതയില്‍ ശരണമന്ത്രങ്ങള്‍ മാത്രം തുണയായ കാലം… ഓര്‍മകളുടെ പടികള്‍ക്കപ്പുറം പഴയ ശബരിമല ഇന്നും തെളിയുന്നുണ്ട് മനസില്‍. ദക്ഷിണ സ്വീകരിച്ചശേഷം പന്തളം രാജാവണിയിക്കുന്ന മാല ധരിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക.
പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് തിരുവാഭരണ യാത്ര ആരംഭിക്കുന്നത് .ആദ്യ ദിനം അയിരൂര്‍ പുതിയ കാവ് ക്ഷേത്രത്തിലും രണ്ടാംദിവസം ളാഹയിലെ വനംവകുപ്പ് സത്രത്തിലും വിശ്രമിച്ചശേഷം മൂന്നാം നാള്‍ ശബരിമല സന്നിധാനത്ത് എത്തിച്ചേരും. കാലത്തിന്റെ കയറ്റിറക്കങ്ങള്‍ നിരവധി ഉണ്ടായിട്ടും തിരുവാഭരണഘോഷയാത്രാ രീതികള്‍ക്ക് ഇന്നും മാറ്റമില്ല. വൃശ്ചികം ഒന്ന് മുതല്‍ വ്രതംനോല്‍ക്കുന്ന പതിവ് തെറ്റിച്ചിട്ടില്ലെന്ന് ഗംഗാധരന്‍ പിള്ള പറയുന്നു .
അച്ഛന്‍ നാരായണപിള്ളക്കൊപ്പം ആദ്യമായി ഘോഷയാത്രയെ അനുഗമിക്കുന്നത് ഇന്നലെത്തേതുപൊലെ ഇദ്ദേഹം ഓര്‍മ്മിക്കുന്നു .22 പേരാണ് ഇപ്പോഴത്തെ സംഘത്തില്‍ ഇദ്ദേഹത്തിനൊപ്പം ഉള്ളത്. യാത്രാമധ്യേ ഭക്ഷണം പാകം ചെയ്തു കഴിച്ചതു മാറി മറ്റു പലയിടങ്ങളില്‍ നിന്നും ആഹാരം ലഭിക്കുന്നു എന്നതൊഴിച്ചാല്‍ ഒന്നിനും മാറ്റമില്ലെന്നും അദ്ദേഹം പറയുന്നു. മകരവിളക്കു കഴിഞ്ഞ് അഞ്ചാംനാള്‍ മലയിറങ്ങി മൂന്നാംദിവസം പന്തളം കൊട്ടാരത്തില്‍ തിരുവാഭരണങ്ങള്‍ തിരിച്ചേല്‍പിക്കുന്നതോടെ ഘോഷയാത്രക്ക് സമാപനമാകും.
പരാതിയും പരിഭവവുമില്ല ഈ യാത്രാസംഘത്തിന്. ദിവസം 120 രൂപ വേതനത്തില്‍ യാത്ര നടത്തിയ കാലത്തും പരിഭവങ്ങള്‍ പടിക്കു പുറത്തുതന്നെ ആയിരുന്നു. ആറുവര്‍ഷം മുമ്പ് സംഘത്തിന്റെ യാത്രാപ്പടിയായി വര്‍ഷം 50,000 രൂപ അനുവദിച്ചു. പരാതികള്‍ ഒന്നുമില്ലെന്നു പറയുമ്പോഴും ഇത്രയും കാലം അയ്യപ്പന്റെ തിരുവാഭരണമേറ്റിയതിന്റെ പേരില്‍ ദേവസ്വംബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കണമെന്ന ഒരു ആവശ്യം മുമ്പോട്ടുവയ്ക്കുന്നു ഈ ഗുരുസ്വാമി. ഇത് ആവശ്യമോ ആഗ്രഹമോ എന്ന് വേര്‍തിരിച്ചു പറയാന്‍ കഴിയുന്നില്ലെങ്കിലും ഒരിക്കലും ഒരവകാശമായി കാണുന്നില്ലെന്നും ഗംഗാധരന്‍ പിള്ള പറയുന്നു.
തന്റെ പാതയിലേക്ക് മകന്‍ ഉണ്ണികൃഷ്ണന്‍ കൂടി എത്തിയതിന്റെ ആഹ്ലാദത്തിലാണ് ഇദ്ദേഹം. ഭാര്യ ഗൗരിക്കുട്ടിയും നാലു മക്കളും അടങ്ങുന്ന കുടുംബത്തിനായി നാളേക്ക് കരുതിവയ്ക്കാന്‍ താന്‍ നടത്തിയ തിരുവാഭരണയാത്രയുടെ പുണ്യം മാത്രമേ ഉള്ളൂവെന്ന് പറയുമ്പോള്‍ ഈ അയ്യപ്പദാസന്റെ മനസില്‍ അയ്യപ്പന്റെ രൂപംമാത്രം

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker