കൊച്ചി: എല്‍പിജി ഗ്യാസ് സിലിണ്ടര്‍ യഥാര്‍ത്ഥ ഉപഭോക്താവിന്റെ കൈയ്യില്‍ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാന്‍ മസ്റ്ററിംഗ് നിര്‍ബന്ധമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രണ്ട് മാസം പിന്നിടുമ്പോഴും തണുപ്പന്‍ പ്രതികരണമായതോടെ മസ്റ്ററിംഗ് ഇല്ലെങ്കില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാനാകില്ലെന്ന മുന്നറിയിപ്പുകളും പുറത്ത് വരുന്നു.
ആധാര്‍ വിവരങ്ങള്‍ എല്‍പിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെ വൈ സി അഥവാ മസ്റ്ററിംഗ്. ഇത് വഴി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുടക്കമില്ലാതെ കിട്ടാനും തട്ടിപ്പുകള്‍ തടയാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഉപഭോക്താവ് നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഗ്യാസ് കണക്ഷന്‍ ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയും കയ്യില്‍ വേണം. ഒപ്പം ഗ്യാസ് കണക്ഷന്‍ രജിസ്റ്റര്‍ ചെയ്ത നമ്പറും. രണ്ട് മാസമായി ഇന്ധന കമ്പനികള്‍ മസ്റ്ററിംഗ് നടപടികള്‍ തുടങ്ങിയിട്ട്. എന്നാല്‍ കിട്ടിയത് തണുപ്പന്‍ പ്രതികരണം.
കൊച്ചിയിലെ ഒരു ഏജന്‍സിയില്‍ 8500 ഉപഭോക്താക്കളില്‍ 500 ല്‍ താഴെ പേര്‍ മാത്രമാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്. മസ്റ്ററിംഗ് ക്യാംപുകള്‍ നടത്തിയിട്ടും അനക്കമില്ല. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയിലുള്ളവര്‍ മാത്രം മസ്റ്ററിംഗ് നടത്തിയാല്‍ മതിയെന്ന പ്രചാരണമാണോ ഇതിന് കാരണമെന്ന സംശയത്തിലാണ് ഇന്ധന കമ്പനികള്‍. ഇതോടെയാണ് അതങ്ങനെ അല്ല എന്ന് വ്യക്തമാക്കി ഇന്‍ഡെല്‍, ഭാരത്, എച്ച് പി കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ ഉപഭോക്താക്കളും എത്രയും വേഗം മസ്റ്ററിംഗ് നടത്തണം. ഉപഭോക്താവ് വിദേശത്തോ മരിച്ച് പോയതോ കിടപ്പ് രോഗിയോ എങ്കില്‍ കണക്ഷന്‍ റേഷന്‍ കാര്‍ഡിലുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റണം.
ഇനി നേരിട്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ധന വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം. കമ്പനികളുടെ മൊബൈല്‍ ആപ്പ്, ആധാര്‍ ഫേസ് റെക്കഗിനേഷന്‍ ആപ്പ് എന്നിവ ഡൗണ്‍ലോഡ് ചെയ്യണം. നടപടികള്‍ ഓകെ എങ്കില്‍ മൊബൈലിലേക്ക് മെസേജ് എത്തും. ഇനിയും വൈകിക്കേണ്ട അവസാന തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതിന് ശേഷം മസ്റ്ററിംഗ് ഇല്ലെങ്കില്‍ ബുക്കിംഗ് അനുവദിക്കില്ലെന്ന് വിതരണ കമ്പനികളില്‍ നിന്ന് സൂചനയും പുറത്ത് വരുന്നുണ്ട്. നിലവില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന പല ആനുകൂല്യങ്ങളും,സബ്‌സിഡികളും മസ്റ്ററിംഗിന് ശേഷം ഉണ്ടാകുമോ എന്ന ചര്‍ച്ചയും സജീവമായി ഉയരുകയാണ്.
1,168 1 minute read