മുംബൈ: ബോളിവുഡ് നടന് ഗൗരവ് ദീക്ഷിതിന്റെ ഫഌറ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. മുംബൈയിലെ ലോകന്ദ്വാലയിലെ ഫഌറ്റില്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ എംഡി, എംഡിഎ തുടങ്ങിയ മയക്കുമരുന്നുകള്‍ കണ്ടെത്തി.
റെയ്ഡിന്റെ സമയത്ത് നടന് ഫഌറ്റില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഒരു വിദേശ വനിതയ്ക്കൊപ്പം എത്തിയപ്പോഴാണ് റെയ്ഡ് നടക്കുന്ന വിവരം അറിഞ്ഞത്. ഇതോടെ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.
ബിഗ് ബോസിലെ മത്സരാര്‍ഥി അജാസ് ഖാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നര്‍ക്കോട്ടിക കണ്ട്രോള് ബ്യൂറോയ്ക്ക് ബോളിവുഡ് ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും ചെറുകിട റോളുകള്‍ ചെയ്തിട്ടുള്ള ഗൗരവ് ദീക്ഷിതിനെ കുറിച്ച് വിവരം ലഭിച്ചത്. ഭാര്യ ഡിപ്രഷന് വേണ്ടി കഴിക്കുന്ന മരുന്നുകള്‍ മാത്രമാണ് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ തന്റെ ഫഌറ്റില്‍ നിന്ന് പിടികൂടിയതെന്നാണ് അജാസ് ഖാന് ചോദ്യംചെയ്യലിനുശേഷം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, എന്‍സിബി പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
നടന് സുശാന്ത് സിങ്ങിന്റെ ആത്മഹത്യയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ബോളിവുഡിനെ ഗ്രസിച്ച മയക്കുമരുന്ന് മാഫിയയിലേയ്ക്കെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ നിരവധി താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും വീടുകളില്‍ റെയ്ഡ് നടന്നുകഴിഞ്ഞു.