കെ. എം. സന്തോഷ് കുമാര്‍.
ഡെന്മാര്ക്കില് എന്തോ ചീഞ്ഞുനാറുന്നു, അതിന്റെ ദുര്‍ഗന്ധം സമൂഹമാകെ പടരുകയാണ്. അതേ കേരളത്തിന്റെ ഭരണ കേന്ദ്രം ദുര്ഗന്ധപൂരിതമാകുന്നതിന്റെ അസഹ്യതയിലാണ് ജനങ്ങള്‍. ജൂലൈ ആദ്യം നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ തുടര്‍ എപ്പിസോഡുകള്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ സംഭവിക്കുന്ന ട്വിസ്റ്റുകള്‍ എല്ലാ മുന്‍ ധാരണകളേയും തെറ്റിക്കുന്നതാണ്. വിശുദ്ധ ഗൃന്ഥം സ്വര്‍ണ്ണ പുറംചട്ടയുള്ളതായിരുന്നോ, ആയിരക്കണക്കിന് കിലോ ഈന്തപ്പഴം വിളമ്പിയത് സ്വര്‍ണ്ണ തളികയിലായിരുന്നോ, ലൈഫ് മിഷന് വീടുകളുകള് പണിതുയര്‍ത്തുന്നത് കമ്മീഷന് അഴിമതിയുടെ തൂണുകളിലാണോ, അനന്തമജ്ഞാതമവര്‍ണ്ണനീയമായ വെളിപ്പെടലുകളുടെ തുടര്‍ക്കഥകള്‍ നീളുകയാണ്. ചാനല്‍ മേധാവി കള്ളക്കടത്തിന്റെ രക്ഷാമാര്‍ഗ ഉപദേശകനായി മറ്റൊരു ട്വിസ്റ്റ്. സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ തന്നെ എന്ന് പാര്‍ലമെണ്ടില്‍ മന്ത്രിയുടെ ഔദ്യോദികമായ പ്രഖ്യാപനം വരുന്നു. നയതന്ത്ര ബാഗേജ് അല്ല എന്ന് ഇതുവരെ പറഞ്ഞു കൊണ്ടിരുന്ന കേന്ദ്ര സഹമന്ത്രിയും വെട്ടിലാകുന്നു അതിലൂടെ .. സംസ്ഥാന മന്ത്രി ജലീലിന്റെ പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ കോവിഡ് പ്രോട്ടോക്കോള്‍ അവഗണിച്ച് ബി ജെ പിയുടേയും കോണ്‍ എ സി ന്റെയും സമരം തെരുവില്‍ ശക്തമാകുന്നു. നാളിതുവരെ തുടര്‍ന്ന സി പി ഐ എം ന്റെയും സര്‍ക്കാരിന്റെയും പ്രതിരോധ വാദങ്ങള്‍ ആകെ ദുര്‍ബലമാകുന്നു അനുനിമിഷം. മന്ത്രി ഫെയ്ബുക്കിനോടു മാത്രമേ സംസാരിക്കൂ എന്നു ശഠിച്ചാല്‍ ജനങ്ങള്‍ എന്തു ചെയ്യും ? ഫെയ്സ് ബുക്കിനെ അല്ലല്ലോ ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചത്. മറ്റൊരു വശത്ത് ഒരു മന്ത്രി പുത്രന്റെ പുതിയ രംഗ പ്രവേശനം വിവാദം കൊഴുപ്പിക്കുന്നു .. മന്ത്രി പത്നിക്ക് ബാങ്കില്‍ പോകാം. വളരെ അടിയന്തിര സ്വഭാവത്തിലെ ഈ ബാങ്ക് സന്ദര്‍ശനത്തില്‍ മറ്റെന്തോ മണക്കുന്നു . സ്വര്‍ണ്ണം,മയക്കുമരുന്ന്,ഇടനില കമ്മീഷന് അങ്ങനെയങ്ങനെ യു ഇ എ കോണ്സുലേറ്റു മുതല്‍ ബാങ്കു ലോക്കര്‍ വരെ നീളുന്ന നാറ്റം അസഹ്യമാകുന്നു. കോവിഡ് 19 സൃഷ്ടിച്ച തൊഴില്‍ തകര്‍ച്ചയും വരുമാന നഷ്ടവും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും മൂലം നട്ടം തിരിയുന്ന ജനങ്ങളേക്കുറിച്ച് ഓര്‍ക്കുവാന്‍ ഇതിനിടയില്‍ അധികാരികള്ക്കെവിടെ സമയം.