BREAKING NEWSKERALALATEST

സ്വര്‍ണക്കടത്തില്‍ നാല് അറസ്റ്റ് കൂടി; 5 പേര്‍ക്കായി തെരച്ചില്‍, പരിശോധന ശക്തമാക്കി എന്‍ഐഎ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയ സ്വര്‍ണക്കടത്ത് കേസില്‍ നാല് പേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. സിവി ജിഫ്‌സല്‍, പി അബൂബക്കര്‍, മുഹമ്മദ് അബു ഷമീം, അബുദുല്‍ ഹമീദ് എന്നിവരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. നാല് പേരും കോഴിക്കോട് മലപ്പുറം സ്വദേശികളാണ്.
തിങ്കളാഴ്ച നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഇവരുടെ സ്ഥാപനങ്ങളില്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് അറസ്റ്റ് വിവരം എന്‍ഐഎ പുറത്തുവിട്ടത്. ഇവരില്‍ മൂന്ന് പേരും ജ്വല്ലറി ഉടമകളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമായെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇനി അഞ്ചുപേരെ കൂടി പിടികൂടാനുണ്ട്. കേസില്‍ ആകെ 25 പ്രതികളാണുള്ളത്. അറസ്റ്റിലായവരുടെ സ്ഥാപനങ്ങളില്‍ ഒന്നര മണിക്കൂറിലധികം നേരം പരിശോധന നടന്നു. ഇവരുടെ ബന്ധുക്കളുടെ വീടുകളിലും റെയ്ഡ് നടന്നു. പരിശോധനയില്‍ നിരവധി രേഖകള്‍ കണ്ടെത്തി. തെരച്ചിലില്‍ ചില ഡിജിറ്റല്‍ ഉപകരണങ്ങളും തെളിവായി കണക്കാക്കാവുന്ന രേഖകളും കണ്ടെത്തിയതായും എന്‍ഐഎ അറിയിച്ചെങ്കിലും ഇവ എന്താണെന്ന് വ്യക്തമാക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകളും ചോദ്യം ചെയ്യലുകളും നടത്താനാണ് എന്‍ഐഎയുടെ തീരുമാനം.
തിരുവനന്തപുരം വിമാനത്തളം വഴി യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജെന്ന വ്യാജേന സ്വര്‍ണം കടത്തിയ ശേഷം ഇടനിലക്കാര്‍ വഴി സ്വര്‍ണം കേരളത്തിലെ വിവിധയിടങ്ങളില്‍ എത്തിച്ച് വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകളും മൊഴികളും എന്‍ഐഎയ്ക്ക് ലഭിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരിലേക്ക് അന്വേഷണം നീണ്ടത്.

Related Articles

Back to top button