BREAKING NEWSKERALALATEST

സ്വര്‍ണ്ണക്കടത്ത് കേസ്; എന്‍ഐഎ സംഘം യുഎഇയിലേക്ക്

ന്യൂഡല്‍ഹി: നയതന്ത്രചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ അന്വേഷണത്തിനായി എന്‍ഐഎ സംഘം യുഎഇയിലേക്ക് പോകും. കേസിലെ പ്രതി ഫൈസല്‍ ഫരീദിനെ ചോദ്യംചെയ്യാനാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ യുഎഇയിലേക്ക് പോകുന്നത്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. രണ്ട് ദിവസത്തിനകം ഒരു എസ്.പി. അടക്കം രണ്ടംഗസംഘം ദുബായിലെത്തും.സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് എന്‍.ഐ.എ. സംഘം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുബായിലേക്ക് പോകാന്‍ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയതും. എന്‍.ഐ.എയ്ക്ക് അനുമതി ലഭിച്ചു എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കേസിലെ മറ്റൊരു പ്രതിയായ റെബിന്‍സണ്‍ എന്നയാളെ കസ്റ്റഡിയിലെടുക്കാനും ഇതിനായി ദുബായ് പോലീസിന്റെ സഹായം എന്‍.ഐ.എ. തേടുമെന്നും വിവരമുണ്ട്.ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബായ് പോലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് വിവരം.
എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണം ദുബായ് പോലീസിന്റെ ഭാഗത്തുനിന്നോ യു.എ.ഇ. സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല.
ഫാസല്‍ ഫരീദ് അടക്കമുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി ആരംഭിച്ചിരുന്നു. സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷന്‍ ഐ ജി ക്ക് കത്ത് നല്‍കി. സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ്‌റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസല്‍ ഫരീദ് എന്നിവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ തെളിവു ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന സ്വപ്ന സുരേഷിന്റെ വാദത്തിന് ശക്തമായ എതിര്‍വാദങ്ങളാണ് കസ്റ്റംസ് ഇന്നലെ കോടതിയില്‍ അവതരിപ്പിച്ചത്. സര്‍ക്കാരില്‍ സ്വാധീനം ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കോണ്‍സുലേറ്റ് ഉദ്യോസ്ഥ എന്ന നിലയില്‍ ഭരണത്തില്‍ സ്വാധീനം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നായിരുന്നു ജാമ്യാപേക്ഷയില്‍ സ്വപ്ന വാദിച്ചിരുന്നു.

Related Articles

Back to top button