ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ നാണയത്തില്‍ ഇപ്പോള്‍ നിക്ഷേപിക്കാം. അശോക ചക്രം മുദ്രണം ചെയ്ത സ്വര്‍ണ നാണയങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇത്തരം സ്വര്‍ണ നാണയങ്ങള്‍ ആദ്യമായാണ് ഇന്ത്യ പുറത്തിറക്കുന്നത്. സ്വര്‍ണം വാങ്ങി സൂക്ഷിക്കണമെന്ന് നിര്‍ബന്ധമുള്ളവരാണ് കൂടുതലായും ഈ സ്വര്‍ണ നാണയ പദ്ധതിയില്‍ നിക്ഷേപിക്കുന്നത്. ഇകൊമേഴ്സ് പോര്‍ട്ടലുകള്‍, ജ്വല്ലറികള്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, മെറ്റല്‍സ് ആന്റ് മിനറല്‍സ് കോര്പ്പറേഷന് സെന്റര്‍ (എംഎംടിസി )എന്നിവ വഴി സ്വര്‍ണ നാണയങ്ങള്‍ എളുപ്പത്തില്‍ വാങ്ങാനുള്ള ഓപ്ഷന് പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.
അശോക ചക്രം കൂടാതെ മറുപുറത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുള്ളവയാണ് ഈ സ്വര്‍ണ നാണയങ്ങള്‍. ബിഐഎസ് ഹോള്‍മാര്‍ക്ക് ചെയ്ത 24 കാരറ്റ് പരിശുദ്ധമായ സ്വര്‍ണ നാണയങ്ങളാണിവ. കൃത്രിമം ഒഴിവാക്കാന്‍ ടാംപര്‍ പ്രൂഫ് പാക്കേജിങും ഉണ്ട്. ഒരു ഗ്രാം, രണ്ട് ഗ്രാം, 5 ഗ്രാം, 10 ഗ്രാം 20 ഗ്രാം എന്നിങ്ങനെയാണ് വാങ്ങാന്‍ കഴിയുക.
സ്വര്‍ണ നാണയങ്ങള്‍ എളുപ്പത്തില്‍ പണമാക്കാം എന്നതാണ് പദ്ധതിയുടെ പ്രധാന ഗുണം. രാജ്യത്തെ ഒരേയൊരു ബിഐഎസ് മുഖമുദ്രയുള്ള സ്വര്‍ണ നാണയമാണിത്. കൂടാതെ അത്യാധുനിക സുരക്ഷാ സവിശേഷതകളും ഈ നാണയത്തിലുണ്ട്. അടുത്തിടെ ഈ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ നിരവധി മാറ്റങ്ങളാണ് സര്‍ക്കാര്‍ വരുത്തിയത്.
ഒന്നും രണ്ടും ഗ്രാമിലുള്ള സ്വര്‍ണ നാണയങ്ങള്‍ വില്ക്കാന് സെക്യൂരിറ്റി പ്രിന്റങ് ആന്‍ഡ് മിന്റിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എസ്പിഎംസിഐഎല്‍) യ്ക്ക് കേന്ദ്രം അനുമതി നല്കി. മുമ്പ് 5, 10, 20 ഗ്രാം സ്വര്‍ണ നാണയങ്ങള്‍ മാത്രമായിരുന്നു എസ്പിഎംസിഐഎല്‍ വിറ്റിരുന്നത്.
ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകള്, വിമാനത്താവളങ്ങള്‍ എന്നിവ വഴി സ്വര്‍ണ നാണയങ്ങള്‍ വാങ്ങാനും വില്ക്കാനുമുള്ള സൗകര്യം എസ്പിഎംസിഐഎല്‍ ഒരുക്കും.
എസ്പിഎംസിഐഎല്ലിന്റെ ഇകൊമേഴ്സ് പ്ലാറ്റ്ഫോം വഴി വിദേശത്തേക്ക് സ്വര്‍ണ നാണയങ്ങള്‍ അയയ്ക്കും.
ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെയും ഡ്യൂട്ടി ഫ്രീഷോപ്പുകളില്‍ ഈ സ്വര്‍ണ നാണയങ്ങള്‍ ലഭ്യമാക്കും.സ്വര്‍ണ നാണയങ്ങള്‍ 995 പരിശുദ്ധയില്‍ ലഭ്യമാക്കും.
2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ക്കാണ് തുടക്കമിട്ടത്. അശോക ചക്രം മുദ്രണം ചെയ്ത സ്വര്‍ണ നാണയം (ഐജിസി), ഗോള്‍ഡ് മോണിറ്റേസേഷന്‍ പദ്ധതി (ഇഎംഎസ്), ഗോള്‍ഡ് സോവറിന്‍ ബോണ്ട് (ജിഎസ്ബി) എന്നിവയാണവ. സ്വര്‍ണ നാണയം, ഇഎംഎസ് എന്നിവ നിക്ഷേപ പദ്ധതികളാണെങ്കില്‍ കയ്യിലുള്ള സ്വര്‍ണം ബാങ്കില്‍ നിക്ഷേപിച്ച് പലിശ നേടാന്‍ സഹായിക്കുന്നതാണ് ഗോള്‍ഡ് സോവറിന്‍ ബോണ്ട്. സ്വര്‍ണം വാങ്ങി സൂക്ഷിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അശോകചക്ര നാണയം വാങ്ങാം. നിലവില്‍ എംഎംടിസിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്