കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട. സ്വപ്ന സുരേഷ് ഉള്‍പ്പെടുന്ന സ്വര്‍ണ്ണക്കടത്ത് വാര്‍ത്ത പുറത്ത് വന്ന ശേഷം ഇതാദ്യമായാണ് കൊച്ചിയില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടുന്നത്.ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാന എത്തിയ മലപ്പുറം സ്വദേശി സജീവ് കെ എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. 83,39,312 രൂപ വിലവരുന്ന 1560.5 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. കുഴല്‍ രൂപത്തിലാക്കിയ സ്വര്‍ണ്ണ മിശ്രിതം ഇരുകാലുകളിലും കെട്ടിവെച്ചാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐ വിഭാഗം കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ പരിശോധന നടത്തിയത്.
ഈ വര്‍ഷം മാര്‍ച്ചില്‍ ഡി.ആര്.ഐ. കൊച്ചി വിമാനത്താവളത്തില്‍ നടത്തിയ വന്‍ സ്വര്‍ണ്ണ വേട്ടയ്ക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം സ്വര്‍ണ്ണം പിടികൂടുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഡി.ആര്.ഐ. അഞ്ച് കിലോ മുന്നൂറ്റമ്പത് ഗ്രാം സ്വര്‍ണ്ണമാണ് മാര്‍ച്ച് മാസത്തില്‍ പിടികൂടിയത്. 2.31 കോടി രൂപയുടെ സ്വര്‍ണ്ണമാണ് അന്ന് പിടികൂടിയത്. ബാങ്കോക്കില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തില്‍ എത്തിയ ദമ്പതിമാരുടെ പക്കല്‍ നിന്നും 1.10 കോടി രൂപയുടെ രണ്ടു കിലോ 550 ഗ്രാം പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ്ണം ഇരുവരുടെയും അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.