Articles

സ്വര്‍ണ്ണം കാശ്മീരിലെത്തി; ഇനി അഫ്ഗാനിസ്ഥാനിലേക്കോ സിറിയയിലേക്കോ ???

കെ എം സന്തോഷ് കുമാര്‍

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം ഒരു മാസം എത്തുമ്പോള്‍ മാധ്യമ വാര്‍ത്തകള്‍ സത്യമെങ്കില്‍ ,നാം അമ്പരന്ന് പണ്ടാരടങ്ങിപ്പോകും വിധമാണ് കാര്യങ്ങള്‍. തിരുവനന്തപുരവും മലപ്പുറം ജില്ലയും കടന്ന് ,ഇപ്പോള്‍ ആന്ധ്രയിലെ നെല്ലൂര്‍ വഴി കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ചരട് നീളുന്നു എന്നാണ് ചില കേന്ദ്രങ്ങളുടെ സ്‌കൂപ്പുകള്‍ . ഒരു ആശ്വാസമുള്ളത് എന്‍ ഐ എ നാളിതുവരെ ഇങ്ങനെയൊന്നും വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് .. പിന്നെയാര് ? നമ്മുടെ മാധ്യമ കുറ്റാന്വേഷകര്‍ തന്നെ റൂട്ട് തെളിച്ചു കൊണ്ട് വരുന്നതാണ്. സ്വപ്ന സുരേഷും സരിത് നായരും സന്ദീപ് നായരുമെല്ലാം യാര് ? വെറും വാലറ്റം മാത്രമല്ലേ ഇതൊക്കെ. ഗടാഘടിയന്‍ തല അങ്ങ് മാളത്തിലല്ലേ .. അത് കാശ്മീര്‍ കടന്ന് അഫ്ഗാനിസ്ഥാന്‍ വഴി സിറിയയിലേക്ക് എത്തുമോ എന്ന ശങ്ക മാത്രമേ ബാക്കിയുള്ളൂ. ഈ ആട്ടക്കഥയ്ക്കിടയില്‍ കൈമണിത്താളമായ് നമ്മുടെ കേന്ദ്ര സഹമന്ത്രി ഇടയ്ക്കിടക്ക് ,കോണ്‍സുലേറ്റിന് പങ്കില്ല ,ഡിപ്ലോമാറ്റ് ബാഗേജ് വ്യാജമാണ് , അറ്റാഷെ പച്ചപ്പാവം , പെരുന്നാള്‍ കൂടാന്‍ നാട്ടില്‍ പോയതാണ് പാവം ,ഉടന്‍ തിരിച്ചു വരും എന്നൊക്കെ പറഞ്ഞു കൊണ്ടുമിരിക്കുന്നുണ്ട്. ഇതൊക്കെ മനസിലാക്കാന്‍ എന്‍ ഐ എ യെക്കാള്‍ വലിയ ഏതെങ്കിലും ഷെര്‍ലക് ഹോംസ് മന്ത്രിയുടെ പക്കല്‍ ഉണ്ടാകുമായിരിക്കും എന്ന് സമാധാനിക്കാനേ തരമുള്ളൂ. എന്നാലും കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള കാശ് , തിരുവനന്തപുരത്ത് സ്വര്‍ണ്ണം ഇറക്കി ,ആന്ധ്ര വഴി കാശ്മീരിലെത്തിക്കുന്നതിന്റെ ഒരു പൊല്ലാപ്പ് ഓര്‍ത്തിട്ട് എന്തോ ഒരിത്. ശബരിമല സ്ത്രീ പ്രവേശനക്കാര്‍ക്കും പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരക്കാര്‍ക്കും വാരിയന്‍ കുന്നന്‍ സിനിമയ്ക്കും വീതം വെച്ചിട്ടാണ് ബാക്കി കശ്മീരിലേക്ക് പോയിട്ടുള്ളത് എന്ന് മനസിലാക്കാന്‍ അധികം ആലോചിച്ച് തല പുകയ്ക്കുക ഒന്നും വേണ്ട , സംഗതി നിസ്സാരം..കഴിഞ്ഞ ഇരുപത്തിയഞ്ച് ദിവസത്തെ മാധ്യമ വാര്‍ത്തകള്‍ മാത്രം നോക്കിയാല്‍ മതീ ട്ടോ. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് വീടു പറ്റാന്‍ തിടുക്കത്തിലിറങ്ങിയ ശിവശങ്കരനോട് അന്വേഷണ തലവിയുടെ ഒറ്റ ചോദ്യം .. ഡിം. ശിവശങ്കരന്‍ പെട്ടു . തൊട്ടടുത്ത് നിന്ന് ചോദ്യം ചെയ്യല്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമത്തിന്റെ യാണ് വെളിപ്പെടുത്തല്‍. അപ്പോ പിന്നെ സംശയത്തിനിടയില്ലല്ലോ. കനകത്തിന്റേയും കാമിനിയുടേയും സഞ്ചാര വഴികളില്‍ ഇനിയെന്തൊക്കെ കാണാനും കേള്‍ക്കാനുമിരിക്കുന്നു.

Related Articles

Back to top button