KERALALATEST

സ്വർണക്കടത്ത് കേസ്: മൂന്ന് പ്രതികൾക്ക് ജാമ്യം

കൊച്ചി: സ്വർണക്കടത്ത് കേസിൽ മൂന്നു പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അബ്‌ദുൾ ഷെമീം, സി.വി.ജിഫ്‌സൽ, മുഹമ്മദ് അൻവർ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണം. അമ്പതിനായിരം രൂപയും തുല്യ തുകയ്‌ക്കുള്ള ആൾ ജാമ്യവുമാണ് വ്യവസ്ഥകൾ.

അറുപത് ദിവസം കഴിഞ്ഞിട്ടും കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യൽ പൂർത്തിയായെന്നും അനന്തമായി കസ്റ്റഡിയിൽ വയ്‌ക്കേണ്ടതില്ലെന്നുമുള്ള പ്രതികളുടെ വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.

നേരത്തെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ കെ.ടി.റമീസിനു ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. എറണാകുളം ഇക്കണോമിക്‌സ് ഒഫൻസ് കോടതിയാണ് റമീസിന് ജാമ്യം അനുവദിച്ചത്.

കേസിൽ പ്രധാന വാദം പൂർത്തിയായെന്നും റമീസിന് ജാമ്യം ലഭിക്കുന്നത് കേസിനെ ബാധിക്കില്ലെന്നുമാണ് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് റമീസിനോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ജാമ്യം കിട്ടിയെങ്കിലും എൻഐഎ കേസിലും പ്രതിയായ റമീസിന് ജയിൽ മോചിതനാകാൻ സാധിച്ചിട്ടില്ല. നിലവിൽ വിയ്യൂർ ജയിലിലാണ് റമീസിനെ പാർപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button