BANKINGBUSINESS

ലോക്ഡൗണ്‍ തുടങ്ങിയ ശേഷം സ്വര്‍ണപ്പണയ വായ്പകള്‍ക്ക് ആവശ്യക്കാരേറെ

കൊച്ചി: സ്വര്‍ണവില ഉയര്‍ന്നതിനിടെ ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും ചെറുകിട ബാങ്കുകളുടെയും സ്വര്‍ണപ്പണയ വായ്പകളില്‍ വര്‍ധന. കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ ആരംഭിച്ച 2020 മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെ മിക്ക ബാങ്കുകളുടെയും സ്വര്‍ണ പണയ വായ്പകളില്‍ 40 മുതല്‍ 70 ശതമാനം വരെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ അഞ്ച് വരെയുള്ള കണക്കെടുത്താല്‍ പൊതുമേഖലാ സ്ഥാപനമായ എസ്ബിഐ കേരളത്തിലെ ശാഖകള്‍ വഴി 1612.52 കോടി രൂപയാണ് വ്യക്തിഗത സ്വര്‍ണപ്പണയ വായ്പയായി നല്‍കിയിട്ടുള്ളത്. 2019 ല്‍ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വിഭാഗത്തില്‍ 60 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനു പുറമെ ബാങ്കിന്റെ കാര്‍ഷിക സ്വര്‍ണപ്പണയ വായ്പാ വിഭാഗത്തിലും മികച്ച പ്രതികരണമാണ് കോവിഡ് കാലത്തുണ്ടായത്. 55 ശതമാനത്തിലധികം വര്‍ധന കാര്‍ഷിക സ്വര്‍ണ വായ്പാ വിതരണത്തില്‍ രേഖപ്പെടുത്തി.
ഫെഡറല്‍ ബാങ്കിന്റെ സ്വര്‍ണപ്പണയ വായ്പയില്‍ നടപ്പു സാമ്പത്തിക വര്‍ഷം 25 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നാലു മാസത്തിനിടെ 2,500 കോടി രൂപയുടെ സ്വര്‍ണ പണയ വായ്പ ബാങ്ക് വിതരണം ചെയ്തു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് തിരികെ കയറുന്നതിനനുസരിച്ച് വായ്പാ വളര്‍ച്ചയിലും വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡറല്‍ ബാങ്ക് അറിയിച്ചു. സ്വര്‍ണപ്പണയ വായ്പാ വിതരണത്തില്‍ 46 ശതമാനം വാര്‍ഷിക വര്‍ധന മാര്‍ച്ച്‌സെപ്തംബര്‍ കാലയളവില്‍ ഉണ്ടായിട്ടുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കും അറിയിച്ചു. 2020 മാര്‍ച്ച് 24 മുതല്‍ സെപ്തംബര്‍ ഏഴു വരെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വിതരണം ചെയ്ത വായ്പകല്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 76 ശതമാനം വര്‍ധന രേഖപ്പെടുത്തി. 40,000 ഗുണഭോക്താക്കള്‍ക്കായി 38 ലക്ഷത്തിലധികം രൂപയാണ് ഇക്കാലയളവില്‍ സ്വര്‍ണപ്പണയ വായ്പയായി വിതരണം ചെയ്തിട്ടുള്ളതെന്നും ഇസാഫ് വ്യക്തമാക്കി.

Related Articles

Back to top button