BREAKING NEWSKERALA

ഗവര്‍ണറെ വെല്ലുവിളിച്ച് സംസ്ഥാന സര്‍ക്കാര്‍; പ്രത്യേക സമ്മേളനം ഡിസംബര്‍ 31ന്

തിരുവനന്തപുരംന്മ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍നിന്ന് പിന്നോട്ടു പോകാതെ സര്‍ക്കാര്‍. പ്രത്യേക സമ്മേളനം ഡിസംബര്‍ 31ന് വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യം ഗവര്‍ണറെ അറിയിക്കും. 23ന് ചേരാനിരുന്ന പ്രത്യേക സമ്മേളനത്തിനു ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരുന്നു. കര്‍ഷകരുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്.
കര്‍ഷകര്‍ ഗുരുതരമായ പ്രശ്‌നം നേരിടുന്നതിനാല്‍ നിയമസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകരുടെ ആശങ്ക ഇപ്പോഴും ഗൗരവമായി തുടരുന്നതിനാലാണ് 31ന് സമ്മേളനം ചേരാന്‍ ശുപാര്‍ശ ചെയ്തതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സമ്മേളനത്തിനു ഗവര്‍ണര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നു ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുകയാണ് ഗവര്‍ണര്‍ സാധാരണ ചെയ്യുന്നത്. പ്രത്യേക സമ്മേളനം വിളിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനു വീഴ്ച വന്നിട്ടില്ല. എന്തു ചര്‍ച്ച ചെയ്യണണമെന്നുള്ളത് സഭയുടെ അവകാശമാണ്. ഗവര്‍ണര്‍ കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുന്നത് പാര്‍ലമെന്ററി സംവിധാനത്തിന് അനുസരിച്ചായില്ല എന്നാണ് അദ്ദേഹത്തെ അറിയിക്കാന്‍ ശ്രമിച്ചത്. തദ്ദേശ വാര്‍ഡ് വിഭജനം വേണമെന്നായിരുന്നു സര്‍ക്കാരിന്റെയും അഭിപ്രായമെന്നു മുഖ്യമന്ത്രി പറഞ്ഞു.
കോവിഡായതിനാലാണ് പഴയ വാര്‍ഡുകള്‍ വച്ചുതന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. ഇങ്ങനെ സര്‍ക്കാര്‍ ഒരോ നിലപാടെടുക്കുന്നതിനും വസ്തുതകളും കാരണങ്ങളുമുണ്ട്. ചിലപ്പോള്‍ അതെല്ലാം ഗവര്‍ണര്‍ തെറ്റിദ്ധരിച്ചതാകും. ഗവര്‍ണര്‍ അര്‍പിതമായ ഉത്തരവാദത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനു സര്‍ക്കാര്‍ തടസമല്ല. സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ വിവേചന ബുദ്ധി അനുസരിച്ച് ഗവര്‍ണര്‍ തീരുമാനിക്കേണ്ട കാര്യമില്ല. അംഗീകാരം നല്‍കാനേ അദ്ദേഹത്തിനു കഴിയൂ. ഇപ്പോള്‍ എന്തിനാണ് യോഗം എന്നൊക്കെ ഗവര്‍ണര്‍ ചോദിച്ചാല്‍ സാധാരണ സംവിധാനത്തിനും പാര്‍ലമെന്ററി സംവിധാനത്തിനും വിഭിന്നമായ ചോദ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദമായ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ നിയമനിര്‍മാണം നടത്താനും മന്ത്രിസഭ തീരുമാനിച്ചു. ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കും. മന്ത്രിസഭാ യോഗത്തിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ നോട്ട് വായിച്ചു. സഭാസമ്മേളനം വിളിക്കല്‍ സര്‍ക്കാരിന്റെ അവകാശമാണെന്നു മുഖ്യമന്ത്രി യോഗത്തില്‍ പറ!ഞ്ഞു. ഗവര്‍ണര്‍ ചെയ്തത് ഭരണഘടനാ ലംഘനമാണ്. ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്നും ഒരവസരം കൂടി നല്‍കാം എന്നും മുഖ്യമന്ത്രി പറഞ്ഞു. വീണ്ടും അനുമതി നിഷേധിച്ചാല്‍ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം.

Related Articles

Back to top button