തിരുവനന്തപുരം: കേന്ദ്ര കൃഷിനിയമങ്ങള്‍ക്കെതിരെ 31ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നല്കി. സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പാലിച്ചതിനാലാണ് അനുമതിയെന്ന് രാജ്ഭവന് വൃത്തങ്ങള്‍ പറഞ്ഞു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ എ.കെ. ബാലന്, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ കഴിഞ്ഞദിവസം രാജ് ഭവനിലെത്തി ചര്‍ച്ച നടത്തിയിരുന്നു. സഭ ചേരേണ്ട അടിയന്തര സാഹചര്യങ്ങള്‍ വിശദീകരിച്ചു മുഖ്യമന്ത്രിയുടെ ഓഫിസ് കത്തും നല്‍കിയിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ 23ന് പ്രത്യേക സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ചു മുഖ്യമന്ത്രിക്കു കത്തും നല്കി. നിയമസഭ അടിയന്തരമായി വിളിക്കാനുള്ള കാരണം സര്‍ക്കാര്‍ വ്യക്തമാക്കാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലിയേയും ഗവര്‍ണര്‍ വിമര്‍ശിച്ചു.
ജനുവരി എട്ടു മുതല്‍ സഭ ചേരാന്‍ 17നു നല്കിയ ശുപാര്‍ശയ്ക്ക് 21ന് അംഗീകാരം നല്കിയ കാര്യവും എന്നാല്‍ അന്നുതന്നെ ആ ശുപാര്‍ശ പിന്‍വലിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് അറിയിപ്പ് കിട്ടിയ കാര്യവും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. 23ന് സഭ ചേരാന്‍ പുതിയ ശുപാര്‍ശ ലഭിച്ചപ്പോഴാണ് അപ്രതീക്ഷിത സാഹചര്യമെന്താണെന്ന് ഗവര്‍ണര്‍ ആരാഞ്ഞത്. പ്രത്യേക സമ്മേളനത്തിനുശേഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ജനുവരി 8നു വീണ്ടും സഭ സമ്മേളിക്കും.