BREAKINGKERALA
Trending

മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്നല്ല കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം- ഗോവിന്ദന്‍

തിരുവനന്തപുരം: നേതാക്കളുടെ ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റം മാറ്റണമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍ ഏതെങ്കിലും വ്യക്തികളെ ഉദ്ദേശിച്ചുള്ളതല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ജനങ്ങളെ പാര്‍ട്ടിയില്‍നിന്ന് അകറ്റാനിടയാകുന്ന ശൈലി മാറ്റണമെന്നാണ് പറഞ്ഞിരിക്കുന്നത്. അത് ഓരോ അംഗത്തിനും ബാധകമാണ്. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ശൈലിയെ കുറിച്ചാണ് കേന്ദ്ര കമ്മിറ്റി പറഞ്ഞതെന്ന വിലയിരുത്തല്‍ വേണ്ടെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
നേതാക്കളുടെ ധാര്‍ഷ്ട്യമടക്കം തോല്‍വിക്കിടയാക്കിയ കാരണങ്ങള്‍ സിപിഎം കേന്ദ്ര കമ്മിറ്റി കണ്ടുപിടിച്ചതല്ല. സംസ്ഥാന കമ്മിറ്റി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നിട്ടാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി തള്ളക്കളഞ്ഞെന്ന വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയതെന്നും ഇത് വാസ്തവ വിരുദ്ധമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി പരസ്യമായി പറഞ്ഞ കാര്യമാണ് തോമസ് ഐസക് ഫെയ്സ്ബുക്കില്‍ വ്യക്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്കകത്ത് തര്‍ക്കങ്ങളും പ്രശ്നങ്ങളുമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ പ്രചാരവേല. ഇപ്പോള്‍ എസ്എഫ്ഐക്കെതിരെയാണ് പ്രചാരവേല. എസ്എഫ്ഐക്ക് വരുന്ന ചെറിയ വീഴ്ച അവര്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഏതെങ്കിലും കോളേജിലുണ്ടാകുന്ന ഏതെങ്കിലും പ്രശ്നങ്ങള്‍ പര്‍വതീകരിച്ച് എസ്എഫ്ഐയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. തെറ്റുകള്‍ ന്യായീകരിക്കില്ല. തിരുത്തേണ്ടത് തിരുത്തണം. എല്ലാതരം അക്രമങ്ങളേയും പ്രോത്സാഹിപ്പിച്ചിട്ടുള്ള, തോക്ക് രാഷ്ട്രീയത്തിന്റെയും ബോംബ് രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തെ കടന്നാക്രമിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയാണ് ഇപ്പോള്‍ ആദര്‍ശ പ്രസംഗം നടത്തുന്നത്. അതിന് മാധ്യമങ്ങള്‍ ഒത്താശ ചെയ്യുന്നു. വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് നേരെ നടത്തുന്നതും അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തുന്നതുമായ കൈയേറ്റങ്ങള്‍ തെറ്റായ പ്രവണതയാണെന്ന് അവതരിപ്പിക്കാനാകണം. ഏകപക്ഷീയമാകരുത് അത്തരം കാര്യങ്ങളിലെ സമീപനം. കുട്ടികള്‍ വിളിക്കുന്ന മുദ്രവാക്യങ്ങളുടെ ഭാഗമായ പദപ്രയോഗങ്ങളേക്കാള്‍ എത്ര വലിയ പദപ്രയോഗമാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മില്‍ പറഞ്ഞത്. ഇപ്പോള്‍ അവര്‍ എസ്എഫ്ഐ പഠിപ്പിക്കാനിറങ്ങിയിരിക്കുന്നു’, എം.വി.ഗോവിന്ദന്‍ പറഞ്ഞു.

എല്ലാ കാര്യങ്ങളും മുന്നണിയില്‍ ചര്‍ച്ചചെയ്ത് പരിഹാരം തേടുക എന്നതാണ് തങ്ങളുടെ നിലപാടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമര്‍ശനങ്ങളോട് ഗോവിന്ദന്‍ പ്രതികരിച്ചു. തെറ്റായ പ്രവണയുള്ള എല്ലാത്തിനേയും വര്‍ഷങ്ങള്‍ക്ക് മുന്നേ ഒഴിവാക്കിയിട്ടുണ്ട്. അത് കണ്ണൂരിലുമില്ല. ക്രിമിനലുകളോട് വിട്ടുവീഴ്ച ചെയ്യുന്ന നിലപാടല്ല സിപിഎമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button