തിരുവനന്തപുരം: അനധികൃതമായി അവധിയില്‍ തുടരുന്ന ജീവനക്കാരെ ഉടന്‍ പിരിച്ചുവിടാന്‍ വകുപ്പുമേധാവികള്‍ക്ക് ധനവകുപ്പ് നിര്‍ദേശം നല്കി.
ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി 20ല്‍നിന്ന് അഞ്ചുവര്‍ഷമാക്കി ചുരുക്കിയ സാഹചര്യത്തിലാണ് നിര്‍ദേശം. ഇതു നടപ്പാക്കാന്‍ ധനവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 2020 നവംബര്‍ അഞ്ചുമുതലാണ് അവധി വെട്ടിച്ചുരുക്കലിന് പ്രാബല്യം. അതിനുശേഷം അവധിക്ക് അപേക്ഷിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ അവധി അനുവദിക്കില്ല. അഞ്ചുവര്‍ഷത്തിനുശേഷം ജോലിയില്‍ തിരിച്ചെത്താത്തവരെ പിരിച്ചുവിടും.
നിലവില്‍ ഒരു ഘട്ടത്തില്‍ അഞ്ചുവര്‍ഷം എന്ന നിലയ്ക്ക് 20 വര്‍ഷംവരെയാണ് അവധി അനുവദിച്ചിരുന്നത്. വിദേശത്തോ സ്വദേശത്തോ മെച്ചപ്പെട്ട തൊഴില്‍ ചെയ്യാനും പങ്കാളിയോടൊപ്പം താമസിക്കാനുമാണ് ശമ്പളമില്ലാത്ത അവധി അനുവദിച്ചിരുന്നത്. ഓരോ ഘട്ടം കഴിഞ്ഞും അവധി നീട്ടാന്‍ അപേക്ഷിക്കണമായിരുന്നു. ഇത്തരത്തില്‍ അഞ്ചുവര്‍ഷത്തിലധികം അവധി നീട്ടാന്‍ 2020 നവംബര്‍ അഞ്ചിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കും. ഇവരും അവധി അവസാനിക്കുന്ന മുറയ്ക്ക് ജോലിയില്‍ തിരികെയെത്തിയില്ലെങ്കില്‍ പിരിച്ചുവിടും.
പുതിയ നിയമം പ്രാബല്യത്തില്‍വരുന്ന തീയതിക്കുമുമ്പ് അവധി നീട്ടാന്‍ അപേക്ഷിച്ചവര്‍ക്ക് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ ഏതെങ്കിലും തൊഴിലുടമയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ഉള്‍പ്പെടെയാണ് അപേക്ഷിക്കേണ്ടത്. അവധി അനുവദിക്കാന്‍ വകുപ്പുമേധാവിയുടെ ശുപാര്‍ശയും ധനവകുപ്പിന്റെ അംഗീകാരവും വേണം.
കേരളത്തിന്റെ ഭരണച്ചെലവ് ചുരുക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം അധ്യക്ഷനായ വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങളിലൊന്നായിരുന്നു ശമ്പളമില്ലാത്ത അവധി വെട്ടിച്ചുരുക്കല്‍